അടിയന്തരാവസ്ഥാ തടവുകാർക്ക് മാസം 20,000 രൂപ പെൻഷൻ അനുവദിച്ച് ഒഡീഷ

അടിയന്തരാവസ്ഥക്കാലത്ത് തടവ് അനുഭവിച്ചവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കുമെന്നും ഒഡീഷ ആഭ്യന്തരവകുപ്പ് അറിയിച്ചു.

Update: 2025-01-14 04:06 GMT
Advertising

ഭുവനേശ്വർ: അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട വ്യക്തികൾക്ക് പെൻഷൻ പ്രഖ്യാപിച്ച് ഒഡീഷ. മാസത്തിൽ 20,000 രൂപയാണ് പെൻഷൻ തുകയായി ലഭിക്കുക. പദ്ധതി ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. അടിയന്തരാവസ്ഥ തടവുകാർക്ക് പെൻഷൻ നൽകുമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, രാജസ്ഥാൻ, അസം എന്നീ സംസ്ഥാനങ്ങൾ നേരത്തെ തന്നെ അടിയന്തരാവസ്ഥാ തടവുകാർക്ക് പെൻഷൻ പ്രഖ്യാപിച്ചിരുന്നു. തടവ് അനുഭവിച്ചവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ വഹിക്കുമെന്നും ഒഡീഷ ആഭ്യന്തരവകുപ്പ് അറിയിച്ചു.

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇക്കാലയളവിൽ ഇന്റേണൽ സെക്യൂരിറ്റി ആക്ട്, ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ്, ഡിഫൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫ് ഇന്ത്യ റൂൾസ് തുടങ്ങിയ നിയമങ്ങൾ പ്രകാരം തടവിലായവർക്കാണ് പെൻഷന് അർഹതയുണ്ടാവുക.

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പെൻഷന് അർഹരായവരുടെ പട്ടിക തയ്യാറാക്കുന്നത്. ആരോഗ്യ ഇൻഷൂറൻസ് പദ്ധതിക്കായി ആരോഗ്യവകുപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കും. പെൻഷൻ ലഭിക്കുന്നയാൾ ദേശവിരുദ്ധ പ്രവർത്തനത്തിനോ ക്രിമിനൽ കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടാൽ പെൻഷൻ നിർത്തലാക്കും. തെറ്റായ രേഖകളുണ്ടാക്കി പെൻഷൻ വാങ്ങിയാൽ നിയമനടപടിയുണ്ടാവും. ഇവർ 12 ശതമാനം പലിശയടക്കം വാങ്ങിയ തുക സർക്കാരിന് തിരിച്ചുനൽകേണ്ടിവരും.

മറ്റു സംസ്ഥാനങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ച കാലയളവിന് അനുസരിച്ച് പെൻഷൻ തുകയിൽ മാറ്റമുണ്ട്. മധ്യപ്രദേശിൽ ഒരുമാസത്തിൽ താഴെ തടവ് അനുഭവിച്ചവർക്ക് 10,000 രൂപയും ഒരു മാസത്തിൽ കൂടുതൽ തടവ് അനുഭവിച്ചവർക്ക് 30,000 രൂപയുമാണ് പെൻഷൻ. എന്നാൽ ഒഡീഷയിൽ എല്ലാവർക്കും ഒരേ പെൻഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News