ഹിന്ദി ഹൃദയഭൂമിയിൽ സോഷ്യലിസ്റ്റ് ആശയങ്ങളുയർത്തി വോട്ടുബാങ്ക് സൃഷ്ടിച്ച നേതാവ്

യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങാൻ സമാജ് വാദിയെന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ മുലായത്തിന് കഴിഞ്ഞു

Update: 2022-10-10 04:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഗുരുഗ്രാം: ഹിന്ദി ഹൃദയഭൂമിയിൽ സോഷ്യലിസ്റ്റ് ആശയങ്ങളുയർത്തി വോട്ടുബാങ്ക് സൃഷ്ടിച്ച യാദവ നേതാവായിരുന്നു മുലായം സിങ് . യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങാൻ സമാജ് വാദിയെന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ മുലായത്തിന് കഴിഞ്ഞു. അധികാരത്തർക്കങ്ങളും കുടുംബവാഴ്ചയുമാണ് ഒടുവിൽ ഈ മുന്നേറ്റത്തിന് മങ്ങലേൽപ്പിച്ചത്.

മകൻ ഒരു ഗുസ്തിക്കാരനാകണമെന്നായിരുന്നു മുലായത്തിന്‍റെ പിതാവ് സുധർ സിങിന്‍റെ ആഗ്രഹം. അതേ വഴിയിലായിരുന്നു വിദ്യാർഥി കാലത്ത് മുലായം. മെയ്ൻപുരിയിലെ ഒരു ഗുസ്തിവേദിയിൽ വെച്ചാണ് പിൽക്കാലത്ത് മുലായത്തിന്റെ രാഷ്ട്രീയ ഗുരുവായ നത്തു സിങ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മുലായത്തിന്‍റെ വഴി രാഷ്ട്രീയഗുസ്തിയാണെന്ന് തിരിച്ചറിഞ്ഞ് പ്രാദേശിക സോഷ്യലിസ്റ്റ് നേതാനായിരുന്ന നത്തു സിംഗ് മുലായത്തിനെ സജീവരാഷ്ട്രീയത്തിലേക്ക് കൂട്ടിക്കൊണ്ട്പോയി.1967-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.

ലോക്ദൾ, ജനതാദൾ തുടങ്ങിയ സോഷ്യലിറ്റ് പരിണാമങ്ങൾക്കൊപ്പം മുലായം അധികാരത്തിന്റെ സോപാനങ്ങൾ കയറി. പിളർപ്പുകൾക്കൊടുവിൽ 1992 നവംബർ നാലിന് മുലായം സമാജ് വാദി പാർട്ടിക്ക് രൂപം നൽകി. ഇന്ത്യയിൽ അന്ന് അധികാരകേന്ദ്രങ്ങളിലുണ്ടായിരുന്ന കോൺഗ്രസ് , ഇടതുപക്ഷ പാർട്ടികൾ, ഹിന്ദുത്വ പാർട്ടികൾ എന്നിവയിൽ നിന്നും വ്യത്യസ്തമായി ജനകീയ സോഷ്യലിസ്റ്റ് രാഷ്ട്രീയമാണ് എസ്.പി മുന്നോട്ടുവെച്ചത്. സാമൂഹ്യനീതി എന്ന എസ്.പിയുടെ ആശയം ഹിന്ദി ഹൃദയഭൂമിയിൽ യാദവരുടെയും മുസ്‍ലിംകളുടെയും ഐക്യത്തിന് കാരണമാക്കി. ഇതൊരു വലിയ വോട്ടുബാങ്കായപ്പോൾ എസ്.പിയുടെ വളർച്ച വേഗത്തിലാക്കി.

1993ൽ തന്നെ യുപിയുടെ മുഖ്യമന്ത്രി പദത്തിലേക്കെത്താൻ ഈ വോട്ടുബാങ്ക് സഹായിച്ചു. യുപിയിൽ പ്രതിപക്ഷത്തിരുന്ന സമയത്തും ദേശീയ രാഷ്ട്രീയത്തിൽ കടന്നുകയറാൻ മുലായത്തിനായി. 1996 മുതൽ 1998വരെ സോഷ്യലിസ്റ്റ് മന്ത്രിസഭയിൽ മുലായം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2003 പിന്നെയും യുപി മുഖ്യമന്ത്രി. 2004 മുതൽ ലോക്സഭയിലും നിയമസഭയിലുമായി മാറിമാറിയുള്ള രാഷ്ട്രീയ പരീക്ഷണങ്ങൾ. എസ്.പി എന്ന പാർട്ടി മുലായം കുടുംബത്തിന്‍റെ സ്വകാര്യ സ്വത്ത് പോലെയായിരുന്നു.

ഒപ്പം യുപിയിൽ ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷണങ്ങളും വിജയിച്ചു. അധികാരകേന്ദ്രങ്ങളിൽ നിന്ന് സമാജ് വാദി പാർട്ടി പതുക്കെ നിരാകരിക്കപ്പെടാൻ തുടങ്ങി. ഇതോടെ എസ്.പിയുടെ പല നേതാക്കളും പാർട്ടി വിട്ടുപോയി. ഒടുവിൽ മകൻ അഖിലേഷ് യാദവ് പാർട്ടിയുടെ നേതൃനിരയിലെത്തി. സ്വന്തം പാർട്ടിയുടെ വളർച്ചയും സാമൂഹ്യ നീതിയെന്ന സ്വപ്നവും പൂർത്തിയാക്കാൻ കഴിയാതെയാണ് മുലായം സിങ് യാദവെന്ന് വലിയ രാഷ്ട്രീയ പരീക്ഷണം അരങ്ങിൽ നിന്ന് വിടവാങ്ങുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News