'അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുന്നു': മുലായം സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
രാഷ്ട്രപതി ദ്രൗപദി മുർമുവും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
ന്യൂഡൽഹി: സമാജ് വാദി പാർട്ടി സ്ഥാപകനും യുപി മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുന്നുവെന്നും കുടുംബത്തോടും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ലക്ഷക്കണക്കിന് ആളുകളോടും അനുശോചനമറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
"മുലായം സിങ് യാദവുമായി തനിക്ക് കുറേയധികം കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ എന്നും നോക്കിക്കണ്ടിരുന്നു. യുപിയിലും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹം വേറിട്ട് നിന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന് വേണ്ടി പോരാടിയവരിൽ പ്രധാനിയായിരുന്നു മുലായം സിങ് യാദവ് ജി. അദ്ദേഹത്തിന്റെ മരണം വേദനയുണ്ടാക്കുകയാണ്. കുടുംബത്തിന് എല്ലാ അനുശോചനങ്ങളുമർപ്പിക്കുന്നു". വിവിധ ട്വീറ്റുകളിലായി മോദി കുറിച്ചു.
രാഷ്ട്രപതി ദ്രൗപദി മുർമുവും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മാല്ലികാർജുൻ ഖാർഗെ,നിതിൻ ഗഡ്കരി,മനു അഭിഷേക് സിംഗ്വി,മനീഷ് സിസോദിയ, പ്രിയങ്കാ ഗാന്ധി,ജയറാം രമേശ് തുടങ്ങിയ പ്രമുഖരും നിര്യാണത്തിൽ അനുശോചനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഗുഡ്ഗാവിലെ മേദാന്താ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മുലായം സിങ്(82) അന്തരിച്ചത്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് പുറമേ ഉയർന്ന രക്ത സമ്മർദവും ഓക്‌സിജൻ അളവിലെ കുറവും സ്ഥിഥി ഗുരുതരമാക്കുകയായിരുന്നു.