കൂറ്റൻ പ്രതിമയും ലൈബ്രറിയും; മുലായം സിങ് യാദവിന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു
താൻ മുഖ്യമന്ത്രി ആയിരിക്കെ ബാബരി മസ്ജിദിൽ ഒരു പക്ഷി പോലും വന്നിടിക്കില്ല എന്ന് ഉറപ്പ് നൽകിയ നേതാവായിരുന്നു അദ്ദേഹം
ലഖ്‌നൗ: യുപി മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മുലായം സിങ് യാദവിന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു. ഇട്ടാവ ജില്ലയിലെ സൈഫാഇ ഗ്രാമത്തിലാണ് കൂറ്റൻ പ്രതിമയും ലൈബ്രറിയും അടക്കം സ്മാരകം തയാറാകുന്നത്. പ്രാഥമിക നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മുലായം സിങ് യാദവ് അന്ത്യവിശ്രമം കൊള്ളുന്ന ഭൂമി കാണാനും പുഷ്പാർച്ചന നടത്താനും നൂറുകണക്കിന് പേരാണ് ദിവസേന ഇട്ടാവയിൽ എത്തുന്നത്. മൂന്നു വട്ടം ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാകുകയും വർഗീയ രാഷ്ട്രീയത്തോട് സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും ചെയ്ത നേതാവാണ് മുലായം. താൻ മുഖ്യമന്ത്രി ആയിരിക്കെ ബാബരി മസ്ജിദിൽ ഒരു പക്ഷി പോലും വന്നിടിക്കില്ല എന്ന് രാജ്യത്തിനു ഉറപ്പ് നൽകിയ നേതാവായിരുന്നു അദ്ദേഹം. മൗലാന മുലായം എന്ന് എതിരാളികൾ ഇട്ട പരിഹാസപ്പേര് ജീവിതാവസാന കാലം വരെ അംഗീകാരമായി കൊണ്ട് നടന്ന നേതാവ്.
അദ്ദേഹത്തെ ഗുസ്തിക്കാരൻ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. രാഷ്ട്ര മീമാംസയിൽ എം.എ കഴിഞ്ഞു. അധ്യാപകനായ അദ്ദേഹം പിന്നീട് എത്തപ്പെട്ടത് രാഷ്ട്രീയ ഗോദയിലായിരുന്നു. മണ്ഡൽ രാഷ്ട്രീയം ഇളക്കിമറിച്ച ഉത്തരേന്ത്യയിൽ സ്വന്തമായി ഇരിപ്പടം കണ്ടെത്തി. സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് വളക്കൂറുള്ള മണ്ണിൽ പിന്നോക്കക്കാരെയും ന്യൂനപക്ഷത്തെയും ചേർത്തു നിർത്തി ബദൽ രാഷ്ട്രീയം മുന്നോട്ട് വച്ചു.
1992 ഇൽ രൂപീകരിച്ച സമാജ്വാദി പാർട്ടിയിൽ ലക്ഷക്കണക്കിന് അനുയായികളാണുള്ളത്. 2022 ഒക്ടോബർ പത്തിനാണ് മുലായം വിടപറഞ്ഞത്. സംസ്‌കാരം നടത്തിയ ഭൂമിയുടെ പിന്നിൽ കൂറ്റൻ പ്രതിമ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. സൈക്കിൾ ചിഹ്നം സ്വന്തമാക്കിയ മുലായത്തിന്റെ രണ്ട് ചക്രങ്ങൾ സോഷ്യലിസവും മതേതരത്വവുമായിരുന്നു. ഈ ചക്രങ്ങളുടെ ഓട്ടം അനസ്യൂതം തുടരണമെന്ന ഓർമപ്പെടുത്തലാകും ഈ സ്മാരകം.