താജ് മഹലിൽ ഒന്നിലധികം വിള്ളലുകളും കേടുപാടുകളും: ആശങ്കയേറ്റി റിപ്പോർട്ട്

സ്‌മാരകത്തിൻ്റെ പൂന്തോട്ടങ്ങളിലൊന്ന് മഴവെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Update: 2024-09-22 12:04 GMT
Advertising

ആ​ഗ്ര: വെണ്ണക്കല്ലിൽ തീർത്ത ഇന്ത്യയുടെ അഭിമാനമാണ് താജ് മഹൽ, ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിലൊന്ന്. എന്നാൽ ഈ ചരിത്ര സ്മാരകത്തിന് കേടുപാടുകൾ സംഭവിക്കുന്ന വാർത്തകളാണ് നിലവിൽ പുറത്തുവരുന്നത്. താജ് മഹലിൻ്റെ ചുവരുകളിലും നിലകളിലും മറ്റ് ഭാഗങ്ങളിലും ഒന്നിലധികം വിള്ളലുകളും കേടുപാടുകളും പ്രത്യക്ഷപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ആഗ്രയിൽ പെയ്ത കനത്ത മഴയാണ് ഇതിനു കാരണം.

'സ്മാരകത്തിൻ്റെ പ്രധാന താഴികക്കുടത്തിന് ചുറ്റുമുള്ള വാതിലുകളിൽ അറബിയിൽ ഖുറാനിലെ വാക്യങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്, അവയിലെ അക്ഷരങ്ങൾ നശിച്ചു. പിയത്ര ദുരെ എന്ന സങ്കീർണ്ണമായ വാസ്തുവിദ്യയിലൂടെ ചുവരുകളിൽ പതിച്ചിരിക്കുന്ന വിലയേറിയ കല്ലുകളും കാലക്രമേണ നശിക്കുകയാണ്. പടിഞ്ഞാറ് ദിശയിൽ, താജ് മഹലിൻ്റെ മുൻവശത്തെ തറയിൽ നിന്ന് കല്ലുകൾ പൊട്ടിവീണു. പ്രധാന സ്മാരകമണ്ഡ‍പത്തിൻ്റെ ഭാഗങ്ങളിലും, താഴികക്കുടത്തിൻ്റെ ചുവരുകളിലും കേടുപാടുകൾ കാണാം.'- ടൂറിസ്റ്റ് ഗൈഡ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറി ഷക്കീൽ ചൗഹാൻ പറഞ്ഞു.

സെപ്തംബർ 19ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനും എംപിയുമായ അഖിലേഷ് യാദവ് താജ് മഹലിൻ്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് യോ​ഗി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. താജ് മഹൽ വെറുമൊരു സ്മാരകം മാത്രമല്ലെന്നും, ജീവനുള്ള ഒരു ഉദാഹരണമാണെന്നുമായിരുന്നു അഖിലേഷിൻ്റെ വിമർശനം. താജ് മഹലിൻ്റെ താഴികക്കുടത്തിൽ നിന്ന് ഒരു ചെടി മുളയ്ക്കുന്നത് കാണാവുന്ന ഒരു വൈറൽ വീഡിയോ അഖിലേഷ് പങ്കുവെച്ചിരുന്നു. 'വേരുകൾ കാരണം സ്മാരകത്തിന് വിള്ളലുകൾ ഉണ്ടായേക്കാം. താജ്മഹൽ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരും വകുപ്പുകളും പൂർണ്ണമായും പരാജയപ്പെട്ടു'വെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

എന്നാൽ, ഘടനാപരമായ ഗുരുതര പ്രശ്നങ്ങളൊന്നുമില്ലെന്നാണ് എന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വാദം. താജ് മഹലിൻ്റെ അറ്റകുറ്റപ്പണികൾക്കായി ചെലവഴിക്കുന്ന ഫണ്ടുകൾ കാലാകാലങ്ങളിൽ ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതുവരെ,ഇതിൽ ആശങ്കകളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും എ.എസ്.ഐ പറഞ്ഞു. കഴിഞ്ഞയാഴ്ച സ്‌മാരകത്തിൻ്റെ പൂന്തോട്ടങ്ങളിലൊന്ന് മഴവെള്ളത്തിൽ മുങ്ങിയിരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി വിനോദസഞ്ചാരികളുടെ ശ്രദ്ധ ഈ വീഡിയോ ആകർഷിച്ചു. എന്നാൽ വെള്ളക്കെട്ട് താത്കാലികമാണ് എന്നായിരുന്നു എഎസ്ഐയുടെ വിശദീകരണം.

'സംരക്ഷണ പ്രവർത്തനങ്ങൾ ഒരു പതിവ് പ്രക്രിയയാണ്. സ്മാരകത്തിൻ്റെ വിലയിരുത്തൽ പതിവായി നടത്താറുണ്ട്. സ്മാരകം ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനാവശ്യമായ അറ്റകുറ്റപ്പണികൾ ശാസ്ത്രീയ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ചെയ്യുന്നത്.'- പുരാവസ്തു ​ഗവേഷകനായ രാജ്കുമാർ പട്ടേൽ പറഞ്ഞു.

സ്മാരകത്തിന് ഘടനാപരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവകാശപ്പെടാൻ എ.എസ്.ഐ എന്ത് പഠനമാണ് നടത്തിയതെന്ന് ടൂറിസ്റ്റ് ഗൈഡ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ദീപക് ദാൻ ചോദിച്ചു. താജ് മഹൽ ലോകപ്രശസ്തമായ ഒരു സ്മാരകമാണ്. ഇതിനെപ്പറ്റിയുള്ള എന്ത് നെഗറ്റീവ് പബ്ലിസിറ്റിയും അതിവേഗം പടരും, ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന രാജ്യത്തിൻ്റെ പ്രതിച്ഛായയെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News