യഥാർഥ ശിവസേന ഏത്?; ഹരജികൾ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പരിഗണിക്കും

കൂറുമാറ്റം, അയോഗ്യരാക്കൽ, ലയനം തുടങ്ങിയ ഭരണഘടനാ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഉദ്ധവ് പക്ഷവും ഏക്‌നാഥ് ഷിൻഡെ പക്ഷവും സമർപ്പിച്ച ഹരജികൾ പുതിയ ബെഞ്ചാണ് ഇനി പരിഗണിക്കുക.

Update: 2022-08-23 13:00 GMT
Advertising

ന്യൂഡൽഹി: ശിവസേനയിലെ അധികാര തർക്കവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. കൂറുമാറ്റം, അയോഗ്യരാക്കൽ, ലയനം തുടങ്ങിയ ഭരണഘടനാ പ്രശ്‌നങ്ങൾ സംബന്ധിച്ച് ഉദ്ധവ് പക്ഷവും ഏക്‌നാഥ് ഷിൻഡെ പക്ഷവും സമർപ്പിച്ച ഹരജികൾ പുതിയ ബെഞ്ചാണ് ഇനി പരിഗണിക്കുക.

ശിവസേനയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജികൾ വ്യാഴാഴ്ച ഭരണഘടനാ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യണമെന്ന് നിർദേശിച്ച കോടതി, തങ്ങളെ ഔദ്യോഗിക പക്ഷമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ പക്ഷം സമർപ്പിച്ച അപേക്ഷയിൽ ഒരു ഉത്തരവും ഇറക്കരുതെന്നും ആവശ്യപ്പെട്ടു.

ശിവസേനയുടെ ആഭ്യന്തര തർക്കവുമായി ബന്ധപ്പെട്ട ഹരജികൾ ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ അയോഗ്യരാക്കൽ, സ്പീക്കറുടെയും ഗവർണറുടെയും അധികാരങ്ങൾ എന്നിവ സംബന്ധിച്ച് സുപ്രധാന ഭരണഘടനാ പ്രശ്‌നങ്ങൾ ഉയർത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനക്കുള്ളിൽ വിമത ശബ്ദം ഉയർത്തിയ വിമത നേതാക്കൾ യഥാർഥ ശിവസേന തങ്ങളുടേതാണെന്നാണ് അവകാശപ്പെടുന്നത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പു വില്ലും' തങ്ങൾക്ക് നൽകണമെന്നും യഥാർഥ ശിവസേനയായി പരിഗണിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ വിമത നേതാക്കളെ അയോഗ്യരാക്കണമെന്നാണ് ഉദ്ധവ് താക്കറെ പക്ഷം ആവശ്യപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News