കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ നല്‍കി; യുവാവിന് നഷ്ടപ്പെട്ടത് 2.2 ലക്ഷം രൂപ
മുംബൈ സാകിനാക സ്വദേശിയായ പങ്കജ് കദമിനാണ് (40) വന്‍തുക നഷ്ടമായത്
മുംബൈ: കേടായ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സ്റ്റോറില്‍ നല്‍കിയ യുവാവിന് നഷ്ടപ്പെട്ടത് 2.2 ലക്ഷം രൂപ. മുംബൈ സാകിനാക സ്വദേശിയായ പങ്കജ് കദമിനാണ് (40) വന്‍തുക നഷ്ടമായത്. സംഭവത്തില്‍ സാകിനാക പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റിപ്പയറിംഗ് സ്റ്റോറിലെ ജീവനക്കാരന്‍ തന്‍റെ ഫോണിലുള്ള ബാങ്കിംഗ് ആപ്പ് മുഖേനെയാണ് സ്വന്തം അക്കൗണ്ടിലേക്ക് പണം കൈമാറിയതെന്ന് പങ്കജ് പൊലീസിനോടു പറഞ്ഞു. ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് പങ്കജ്. ഫോണിന്‍റെ സ്പീക്കര്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഒക്ടോബര്‍ 7ന് അടുത്തുള്ള ഒരു ഫോണ്‍ റിപ്പയര്‍ സ്റ്റോറില്‍ നല്‍കിയത്. സിം കാര്‍ഡ് പങ്കജിന് തിരികെ നല്‍കിയതുമില്ല. തൊട്ടടുത്ത ദിവസം ഫോണ്‍ നന്നാക്കി നല്‍കാമെന്നാണ് ജീവനക്കാരന്‍ പറഞ്ഞത്. എന്നാല്‍ പിറ്റേദിവസം ഷോപ്പിലെത്തിയപ്പോള്‍ കട അടച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെല്ലാം കട അടഞ്ഞുകിടക്കുകയായിരുന്നു.
ഒക്ടോബര്‍ 11ന് വീണ്ടും ഷോപ്പിലെത്തിയപ്പോള്‍ മറ്റൊരു ജീവനക്കാരനെയാണ് അവിടെ കണ്ടത്. കദം ഫോണും സിം കാർഡും ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരൻ ഒഴിവുകഴിവ് പറഞ്ഞു. സംശയം തോന്നിയ പങ്കജ് കദം സുഹൃത്തിനെ സമീപിച്ച് തന്‍റെ ബാങ്കിംഗ് ആപ്പ് പരിശോധിച്ചു. അപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.