മെട്രോ സ്റ്റേഷനുകളിൽ കെജ്‍രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ; സംഭവത്തിനു പിന്നിൽ പ്രധാനമന്ത്രിയും ബിജെപിയുമാണെന്ന് എഎപി

ഡൽഹിയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതി ബിജെപിയെ ഉലച്ചിരിക്കുകയാണെന്ന് അതിഷി

Update: 2024-05-20 09:28 GMT

അരവിന്ദ് കെജ്‍രിവാൾ

Advertising

ഡൽഹി: തലസ്ഥാനത്തെ മെട്രോ സ്റ്റേഷനുകളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഭീഷണിപ്പെടുത്തുന്ന ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ഡൽഹി രാജീവ് ചൗക്കിലും പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലുമാണ് കെജ്‍രിവാളിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കെജ്‍രിവാളിനെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുകയാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.

അരവിന്ദ് കെജ്‍രിവാളിനെ ആക്രമിക്കാനുള്ള ഗൂഢാലോചന പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളിൽ വെച്ച് നടന്നതാണെന്ന് എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.

'അരവിന്ദ് കെജ്‍രിവാള്‍ ജയിലിൽ നിന്ന് പുറത്തുവന്നത് മുതൽ ബിജെപി പരിഭ്രാന്തിയിലാണ്. അദ്ദേഹത്തിനെതിരെ മാരകമായ ആക്രമണം നടത്താനാണ് ബിജെപി ഗൂഢാലോചന നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണ് ഈ ഗൂഢാലോചന നടക്കുന്നത്. രാജീവ് ചൗക്കിലും പട്ടേൽ നഗർ മെട്രോ സ്റ്റേഷനുകളിലും കെജ്‍രിവാളിനെതിരെ ആക്രമണ ഭീഷണി എഴുതിയിട്ടുണ്ട്' സഞ്ജയ് സിങ് അവകാശപ്പെട്ടു.

മെട്രോ ട്രെയിനുകൾക്കുള്ളിലും ഭീഷണി സന്ദേശങ്ങൾ എഴുതിയതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹിയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതി ബിജെപിയെ ഉലച്ചിരിക്കുകയാണെന്ന് എഎപി നേതാവ് അതിഷി പറഞ്ഞു. അരവിന്ദിനെ ലക്ഷ്യമിട്ട് സ്വാതി മലിവാളിനെ ബിജെപി ഉപയോഗിച്ചതായും അവർ ആരോപിച്ചു. കെജ്‍രിവാളിന്റെ ജീവന് അപകടമുണ്ടെന്നും അതിഷി പറഞ്ഞു.

24 മണിക്കൂറും സിസിടിവിയുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലുള്ള മെട്രോ സ്‌റ്റേഷനുകളിൽ ഇത്തരം സംഭവം നടന്നതും അതിൽ ഇതുവരെ പൊലീസ് നടപടി എടുക്കാത്തതും ബിജെപിയുടെ ഒത്തുകളിയേയാണ് വ്യക്തമാക്കുന്നതെന്നും അവർ ആരോപിച്ചു.


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News