വനിതാ ഡോക്ടറുടെ കൊലപാതകം: ഡൽഹിയിൽ റസിഡന്റ് ഡോക്ടർമാരും തെരുവിൽ, നാളെ ആരോ​ഗ്യ‌മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധിക്കും

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് മാതാവ്

Update: 2024-08-18 14:15 GMT
Advertising

കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യതലസ്ഥാനത്തും വ്യാപക പ്രതിഷേധം. കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അം​ഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിന് റസിഡന്റ് ഡോക്ടർമാർ ഡൽ​ഹിയിലെ കൊണാട്ട് പ്ലേസിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

ഡൽഹിയിലെ വിവിധ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇവർ പ്രതിഷേധവുമായി എത്തിയിരുന്നു. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ നടപടി വേണമെന്നടക്കമുള്ള ആവശ്യങ്ങൾ ഇവർ മുന്നോട്ട് വെച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സമിതിയെ നിയോ​ഗിച്ചെങ്കിലും പ്രതിഷേധങ്ങൾ‍ അവസാനിപ്പിക്കാൻ സമരക്കാർ തയാറായിട്ടില്ല. വിഷയത്തിൽ സമരം തുടരുമെന്ന് തന്നെയാണ് സമരക്കാർ നൽകുന്ന സൂചന. ഇതിന്റെ ഭാ​ഗമായി നാളെ രാവിലെ കേന്ദ്ര ആരോ​ഗ്യ‌മന്ത്രാലയത്തിനു മുന്നിൽ പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പശ്ചിമബം​ഗാളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഡോക്ടർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഫുട്ബോൾ ആരാധകരും രം​ഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകരാണ് കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധിച്ചത്. ബം​ഗാളിൽ വ്യാപകമാകുന്ന സംഘർഷം കണക്കിലെടുത്ത് നടക്കാനിരുന്ന മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു.

അതിനിടെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന ആരോപണവുമായി പെൺകുട്ടിയുടെ മാതാവ് രം​ഗത്തുവന്നു. നിർണായക വെളിപ്പെടുത്തലുമായി വനിതാ ഡോക്ടറുടെ പിതാവും രം​ഗത്തുവന്നിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനായി അധികൃതർ തിടുക്കം കൂട്ടിയെന്നാണ് പിതാവിന്റെ വെളിപ്പെടുത്തൽ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News