നീണ്ട നാളായി പക, ഉറങ്ങുന്നതിനിടെ കഴുത്തറുത്തു; മാതാപിതാക്കളെയും സഹോദരിയേയും കൊന്നത് 20 കാരൻ

പ്രതി ഏറെക്കാലമായി കൊലപാതകം ആസൂത്രണം ചെയ്തുവരികയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം തന്നെ തെരഞ്ഞെടുത്തത്

Update: 2024-12-05 06:06 GMT
Advertising

ഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ദമ്പതികളെയും മകളേയും കൊലപ്പെടുത്തിയത് 20 കാരനായ മകനാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. സൗത്ത് ഡൽഹി നിവാസികളായ രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. പ്രതിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു. 

സൗത്ത് ഡൽഹിയിലെ നെബ് സരായിയിലെ വീട്ടിലായിരുന്നു മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റേയും വിവാഹവാര്‍ഷികദിനത്തിലായിരുന്നു സംഭവം. സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെയും സഹോദരിയെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നുമായിരുന്നു മൊഴി.

മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകൾ അറിയിച്ച ശേഷം രാവിലെ അഞ്ച് മണിയോടെയാണ് താൻ നടക്കാനിറങ്ങിയതെന്നും വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോയതെന്നുമായിരുന്നു അർജുന്റെ മൊഴി. എന്നാൽ, പൊലീസ് അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് കണ്ടെത്തുകയും അര്‍ജുനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.  

പിതാവില്‍നിന്ന് അവഹേളനം നേരിട്ടതും മാതാപിതാക്കളുടെ സ്വത്ത് സഹോദരിക്ക് നല്‍കാനുള്ള നീക്കവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പഠനകാര്യങ്ങളെച്ചൊല്ലി പിതാവ് വഴക്കുപറയുന്നത് പതിവായിരുന്നു. അടുത്തിടെ അയല്‍ക്കാരുടെ മുന്നില്‍വെച്ച് പിതാവ് വഴക്ക് പറയുകയും മര്‍ദിക്കുകയും ചെയ്തു. ഇതും ഏറെ അപമാനകരമായി. 

പ്രതി ഏറെക്കാലമായി കൊലപാതകം ആസൂത്രണം ചെയ്തുവരികയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടര്‍ന്നാണ് മാതാപിതാക്കളുടെ വിവാഹവാര്‍ഷികദിനം തന്നെ തെരഞ്ഞെടുത്തത്. ഉറങ്ങുന്നതിനിടെ കത്തികൊണ്ട് മൂവരുടെയും കഴുത്തറക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചതും ഇയാള്‍ തന്നെയായിരുന്നു. 

വീട്ടിനുള്ളില്‍ ആരെങ്കിലും അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളില്ലെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. വീട്ടില്‍ കവര്‍ച്ച നടന്നിട്ടില്ലെന്നും സ്ഥിരീകരിച്ചിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഇതിനു പിന്നാലെയാണ് അര്‍ജുന്റെ മൊഴികളില്‍ സംശയമുണ്ടായത്.

വിമുക്തഭടനായ രാജേഷും കുടുംബവും 15 വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ താമസം ആരംഭിച്ചത്. ഹരിയാന സ്വദേശികളാണിവർ. ഡല്‍ഹിയിലെ ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു അര്‍ജുന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ബോക്‌സിങ് താരം കൂടിയായ അര്‍ജുന്‍ നിലവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. ബോക്‌സിങ് മത്സരത്തില്‍ ഡല്‍ഹിയെ പ്രതിനിധീകരിച്ച് വെള്ളിമെഡലും നേടിയിട്ടുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News