ഹരിയാനയിലെ മുസ്ലിം വേട്ട: സുപ്രീംകോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണം: ഡോ. എസ്.ക്യു.ആർ ഇല്യാസ്

ബി.ജെ.പി സർക്കാരിന്റെ മുസ്ലിം വേട്ടയുടെ നേർചിത്രങ്ങളാണ് ഹരിയാനയിലുടനീളം കാണാൻ സാധിക്കുന്നതെന്ന് ഡോ. എസ്.ക്യു.ആർ ഇല്യാസ് പറഞ്ഞു

Update: 2023-08-11 14:01 GMT
Advertising

മേവാത്ത്: ബി.ജെ.പി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് മുസ്ലിം വീടുകൾ തകർത്ത മേവാത്തും പരിസപരപ്രദേശങ്ങളും വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ ഇല്യാസിന്റെ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. ബി.ജെ.പി സർക്കാരിന്റെ മുസ്ലിം വേട്ടയുടെ നേർചിത്രങ്ങളാണ് ഹരിയാനയിലുടനീളം കാണാൻ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നൂറു കണക്കിന് മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നു.തെരുവുകൾ വിജനമാണ്. മുസ്ലിം പള്ളികൾ തകർക്കപ്പെടുകയും പള്ളിക്കുള്ളിൽ വച്ച് ഇമാം ചുട്ടു കൊല്ലപ്പെടുകയും ചെയ്തു. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും ഇതിനോടകം പൂർണ്ണമായും തകർക്കപ്പെട്ടു. അവശേഷിച്ച കടകളെല്ലാം തന്നെ അടഞ്ഞു കിടക്കുന്നു. അറസ്റ്റ് ഭയന്ന് മുസ്ലിം വീടുകളിലെ പുരുഷന്മാർ ഗ്രാമം വിട്ടു പോയിരിക്കുന്നു. ഭീതിദമായ അന്തരീക്ഷമാണ് അവിടങ്ങളിലുടനീളം ദർശിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.

 

മുസ്ലിം വീടുകളിൽ കയറി വൻ തുക ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണി മുഴക്കുകയുമാണ് പൊലീസ് ചെയ്തു കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ സ്‌പോൺസർ ചെയ്ത് മേൽനോട്ടം വഹിക്കുന്ന ഏകപക്ഷീയ വംശീയാക്രമണമാണ് ഹരിയാനയിലെ മുസ്ലിംകൾക്കു നേരേ നടന്നുകൊണ്ടിരിക്കുന്നത്. ഒപ്പം കേന്ദ്ര സർക്കാറിന്റെ മൗനാനുവാദവുണ്ട്.

ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാത്രമാണ് അക്രമങ്ങൾക്ക് ഇപ്പോൾ നേരിയ ശമനമുണ്ടായിട്ടുള്ളത്. വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ട പരിഹാരവും നൽകണം. മണിപ്പൂരിലേതിനു സമാനമായ ഇടപെടൽ ഹരിയാനയിലെ മുസ്ലിം വേട്ടയിലും സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുണ്ടാകണം. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാൻ സുപ്രീംകോടതിയുടെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ ബുൾഡോസർ ഭീകരതയ്ക്ക് ഇരയാക്കപ്പെട്ട കുടുംബങ്ങളെയും കച്ചവടക്കാരെയും ഡോ. എസ്.ക്യു.ആർ ഇല്യാസ് സമാശ്വസിപ്പിക്കുകയും അതിജീവന സമരങ്ങളിൽ വെൽഫെയർ പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News