കർണാടകയിലെ ക്ഷേത്രോത്സവ മേളയിൽ വീണ്ടും മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്‌

ക്ഷേത്രത്തിന് സമീപം 'സാമുദായിക സൗഹാർദത്തിന്‍റെ ആധുനിക ഉദാഹരണം' എന്ന് എഴുതിവച്ചിട്ടുണ്ടെന്നിരിക്കെയാണ് ഈ വിലക്കെന്ന് മുസ്‌ലിം വ്യാപാരികൾ പറയുന്നു.

Update: 2023-04-07 10:43 GMT
Advertising

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയിൽ മുസ്‌ലിം വ്യാപാരികൾക്ക് വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുൽകിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്‌ലിംകൾ സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് വിലക്ക്. തുടർച്ചയായ രണ്ടാം വർഷമാണ് ഇവിടുത്തെ മേളയിൽ മുസ്‌ലിം കച്ചവടക്കാർക്ക് വിലക്കേർപ്പെടുത്തുന്നത്.

മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലർ നൽകിയ നിവേദനത്തെ തുടർന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാർദത്തിന് പേരുകേട്ടതാണ്. 12-ാം നൂറ്റാണ്ടിൽ ഒരു മുസ്‌ലിം വ്യാപാരി നിർമിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാർഷിക മേളയിലാണ് തങ്ങൾക്ക് ബഹിഷ്കരണമെന്ന് മുസ്‌ലിം വ്യാപാരികൾ പറയുന്നു.

ക്ഷേത്രത്തിന് സമീപം 'സാമുദായിക സൗഹാർദത്തിന്‍റെ ആധുനിക ഉദാഹരണം' എന്ന് എഴുതിവച്ചിട്ടുണ്ട്. മുസ്‌ലിംകൾക്ക് പ്രസാദം സ്വീകരിക്കാൻ അനുവാദം നൽകുന്ന അപൂർവ ക്ഷേത്രമാണിതെന്നും ക്ഷേത്രവളപ്പിലെ ബോർഡിലുണ്ട്. എന്നിരിക്കെയാണ് വിലക്കെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

"ഞങ്ങൾ ഈ വർഷം മുസ്‌ലിം വ്യാപാരികളെ കച്ചവടം ചെയ്യാൻ അനുവദിക്കില്ല. മുസ്‌ലിം വ്യാപാരികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾക്ക് ഒരു നിവേദനം ലഭിച്ചു, ഞങ്ങൾ അക്കാര്യം അവരെ അറിയിച്ചിട്ടുണ്ട്"- ബപ്പനാഡു ക്ഷേത്ര കമ്മിറ്റി തലവനായ ദുഗണ്ണ സാവന്ത് പറയുന്നു.

ദുർ​ഗാ‌ പരമേശ്വരി ക്ഷേത്രം എന്ന് വിളിക്കപ്പെടുന്ന ബപ്പനാഡു ക്ഷേത്രം ഹിന്ദുക്കളെ മാത്രമല്ല, മുസ്‌ലിം, ക്രിസ്ത്യൻ ഭക്തരെയും ക്ഷേത്ര മേളയ്ക്ക് ആകർഷിക്കുന്നു. ഏപ്രിൽ അഞ്ച് മുതൽ 12 വരെ നടക്കുന്ന മേളയിൽ തങ്ങളുടെ സാധനങ്ങൾ വിൽക്കാൻ ലക്ഷ്യമിട്ട് ഒരു സംഘം മുസ്‌ലിം വ്യാപാരികൾ വ്യാഴാഴ്ച ക്ഷേത്രത്തിലെത്തിയിരുന്നു. എന്നാൽ വ്യാപാരികൾ അഭ്യർഥിച്ചിട്ടും തീരുമാനം പിൻവലിക്കാൻ ക്ഷേത്ര കമ്മിറ്റി തയ്യാറായില്ല.

"കഴിഞ്ഞ വർഷം വിലക്കിനു മുമ്പ്, 35 വർഷമായി ആഭരണങ്ങളും മറ്റ് ഫാൻസി സാധനങ്ങളും വിൽക്കുന്ന ഒരു സ്റ്റാൾ എനിക്കിവിടെ ഉണ്ടായിരുന്നു. എന്നാൽ രണ്ട് വർഷമായി അതിന് സാധിച്ചിട്ടില്ല. ക്ഷേത്ര കമ്മിറ്റി അവരുടെ തീരുമാനം പുനഃപരിശോധിക്കുകയും എല്ലാവരേയും വീണ്ടും കച്ചവടം ചെയ്യാൻ അനുവദിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു"- മംഗലാപുരത്തെ വ്യാപാരിയായ 53കാരൻ ഉമർ പറയുന്നു.

അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനകത്തും സമീപത്തും ഉള്ള വസ്തുവകകൾ പാട്ടത്തിന് നൽകരുതെന്ന് പറയുന്ന 2002ലെ നിയമ പ്രകാരം മുസ്‌ലിം വ്യാപാരികളെ വിലക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നാണ് കമ്മിറ്റിയുടെ വാദം. മുപ്പനാഡു ക്ഷേത്രത്തിൽ മാത്രമല്ല, ഈ വർഷം ജനുവരിയിൽ മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലും കദ്രിയിലും നടന്ന ക്ഷേത്രോത്സവ മേളകളിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരുന്നു.

കാവുരുവിലെ ശ്രീ മഹാലിം​ഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചായിരുന്നു പ്രദേശത്ത് ഒരു വിഭാ​ഗം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്. ജനുവരി 14 മുതൽ 18 വരെ നടന്ന ഉത്സവത്തിലെ മേളയിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രം​ഗ്​ദളുമാണ് ഈ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്.

കദ്രിയിലെ ശ്രി മഞ്ജുനാഥ ക്ഷേത്ര പരിസരത്തും വി.എച്ച്.പിയും ബജ്രം​ഗ്ദളുമാണ് ക്ഷേത്രോത്സവ മേളയിൽ മുസ്‌ലിം കച്ചവടക്കാർക്ക് പ്രവേശനമില്ലെന്ന ബാനറുകൾ സ്ഥാപിച്ചത്. എന്നാൽ ബോർഡുകൾ വിവാദമായതോടെ അവ തങ്ങൾ നീക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ജനുവരി 15 മുതൽ 21 വരെ നടന്ന ക്ഷേത്രോത്സവ മേളയിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിച്ചത്.

വിഗ്രഹാരാധനയെ എതിർക്കുന്നവർക്ക് ആരാധനാലയത്തിന് സമീപമുള്ള മേളയിൽ കച്ചവടത്തിലും വ്യാപാരത്തിലും ഏർപ്പെടാൻ കഴിയില്ലെന്നാണ് ബാനറിൽ പറഞ്ഞിരുന്നത്. ഹിന്ദു മതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ അവരുടെ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞവർഷം മാർച്ചിൽ ഉഡുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള മേളയിലും കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു. ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞവർഷം മുൽകിയിലെ ബപ്പനാഡു ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ നിന്ന് ഉത്തർപ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാൻ, ഫുർഖാൻ എന്നിവരെ ബജ്റംഗ്ദൾ പ്രവർത്തകർ ഒഴിപ്പിച്ചിരുന്നു. പേര് ചോദിച്ച് മുസ്‌ലിംകളാണെന്ന് മനസിലായതോടെ അവിടംവിട്ടുപോവാൻ ആവശ്യപ്പെടുകയായിരുന്നു. ശിവമോ​ഗ മാരികമ്പ ക്ഷേത്രോത്സവത്തിൽ നിന്നാണ് സംസ്ഥാനത്ത് ആദ്യമായി ഹിന്ദുത്വ സംഘടനകൾ മുസ്‌ലിം കച്ചവടക്കാരെ ബഹിഷ്കരിച്ച് തുടങ്ങിയത്. ഇതാണ് മറ്റിടങ്ങളിലേക്കും വ്യാപിച്ചത്.

ചരിത്രപ്രസിദ്ധമായ ബേലൂർ ചന്നകേശവ ക്ഷേത്രം, തുമകുരുവിലെ സിദ്ധലിംഗേശ്വര ക്ഷേത്രം, ശിവമോ​ഗയിലെ മഹാഗണപതി ക്ഷേത്രം, ദക്ഷിണ കന്നടയിൽ പുത്തൂർ മാരികമ്പ ഉത്സവ മേള, മംഗളൂരു മാരികമ്പ മേള എന്നിവിടങ്ങളിലും കഴിഞ്ഞവർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചിക്കമകളൂരു ശൃംഗേരി അദ്ദ ഗഡ്ഡെ, കിഗ്ഗ മേളകളിലും മുസ്‌ലിംകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ അധികൃതർക്ക് നോട്ടീസ് നൽകിയിരുന്നു.

ഇതുകൂടാതെ, സോമവാർപേട്ട് ശനിവാരസന്തെയിൽ സംഘടിപ്പിച്ച കൃഷിമേളയിലും മുസ്‌ലിം കച്ചവടക്കാരെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മടിക്കേരിയിൽ ഹിന്ദുത്വ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മൈസൂരുവിലെ പ്രസിദ്ധമായ ചാമുണ്ഡേശ്വരി ഹിൽസിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മൈസൂരു കോർപറേഷൻ അധികൃതർക്ക് ഹിന്ദുത്വ സംഘടന നിവേദനം നൽകുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News