മുസ്‌ലിം സ്ത്രീകൾ വിവാഹമോചനത്തിന് സമീപിക്കേണ്ടത് കുടുംബ കോടതിയെ: മദ്രാസ് ഹൈക്കോടതി

ഭാര്യക്ക് വിവാഹമോചനം നൽകിയ തമിഴ്‌നാട് തൗഹീദ്‌ ജമാഅത്ത് ശരീഅത്ത് കൗൺസിലിന്റ നടപടിയെ ചോദ്യം ചെയ്ത ഹരജിയിലാണ് നടപടി

Update: 2023-02-02 05:30 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: വിവാഹമോചനത്തിന് മുസ്‍ലിം സ്ത്രീകൾ ശരീഅത്ത് കൗൺസിൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെയല്ല കുടുംബ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി . ശരീഅത്ത് കൗൺസിലുകൾ കോടതികളോ മധ്യസ്ഥരോ അല്ല, വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാൻ അധികാരമുള്ളത് കോടതിക്കാണെന്നും മദ്രാസ് ഹൈക്കോടതി നീരീക്ഷിച്ചു.

ഭാര്യക്ക് വിവാഹമോചനം നൽകിയ തമിഴ്‌നാട് തൗഹീദ്‌  ജമാഅത്ത് ശരീഅത്ത് കൗൺസിലിന്റ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്നയാളാണ് കോടതിയെ സമീപിച്ചത്. മുസ്‍ലിം വ്യക്തി  നിയമപ്രകാരം 'ഖുല'ക്ക് ( വിവാഹബന്ധം വേർപെടുത്താൻ) മുസ്‍ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാൽ ഇതിൽ അന്തിമമമായ തീർപ്പ് കൽപ്പിക്കാൻ കുടുംബ കോടതിയെ സമീപിച്ചാൽ മാത്രമേ സാധിക്കൂ എന്നും ജസ്റ്റിസ് സി.ശരവണന്റെ ബെഞ്ച് വ്യക്തമാക്കി.

ഖുല വഴി വിവാഹം നിയമപരമായി വേർപെടുത്താൻ തമിഴ്നാട് ലീഗൽ സർവീസസ് അതോറിറ്റിയെയോ കുടുംബകോടതിയെയോ സമീപിക്കാൻ ഹരജിക്കാരന്റെ ഭാര്യയോട് ജഡ്ജി നിർദേശിച്ചു. 2017ൽ ശരിയത്ത് കൗൺസിൽ നൽകിയ ഖുല സർട്ടിഫിക്കറ്റും ജസ്റ്റിസ് ശരവണൻ റദ്ദാക്കി. ജമാഅത്തിലെ ഏതാനും അംഗങ്ങൾ അടങ്ങുന്ന 'സ്വയം പ്രഖ്യാപിത ബോഡിക്ക്' പരമ്പരാഗത നിയമമനുസരിച്ച് പോലും വിവാഹം റദ്ദാക്കിയതിന്റെ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നും ജസ്റ്റിസ് ശരവണൻ പറഞ്ഞു.

ഖുലാ സർട്ടിഫിക്കറ്റ് പോലുള്ളവക്ക് നിയമപരമായ അനുമതിയില്ലെന്നും ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനത്തിനോ ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും ഭർത്താവ് തന്റെ ഹരജിയിൽ വാദിച്ചിരുന്നു. ഇത് കോടതിയും അംഗീകരിച്ചു. എന്നാൽ കേരള ഹൈക്കോടതി ഇതിന് നിയമസാധുതയുണ്ടെന്ന് ശരിവച്ചിട്ടുണ്ടെന്നും മുഹമ്മദ് റാഫിയുടെ ഹരജി നിലനിൽക്കില്ലെന്നും എതിർകക്ഷികൾ വാദിച്ചു. എന്നാൽ കേരള ഖുലയിലൂടെ ഭർത്താവിൽ നിന്ന് ഏകപക്ഷീയമായ വിവാഹമോചനത്തിന് മുസ്‍ലിം സ്ത്രീക്ക് അവകാശമുണ്ടെന്നാണ് കേരളഹൈക്കോടതിയുടെ വിധിയെന്നും ശരീഅത്ത് കൗൺസിൽ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടലിനെ അംഗീകരിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശരവണൻ പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News