'ഒരു കാര്യവുമില്ല': മുസ്‌ലിം-യാദവ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയെന്ന വാർത്തകളിൽ അഖിലേഷ് യാദവ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം -യാദവ സമുദായത്തില്‍പെട്ട ഉദ്യോഗസ്ഥർ പാർട്ടിക്കെതിരെ പ്രവർത്തിച്ചെന്ന് നേരത്തെ ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പത്ത് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ്‌ലിം-യാദവ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷം.
തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാം എന്നതിന് തെളിവാണ് വാർത്തകളെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. ചില ഉദ്യോഗസ്ഥരെ പുറത്താക്കിയും മറ്റും ബി.ജെ.പി എത്ര നാടകം കളിച്ചാലും അനിവാര്യമായ തോല്‍വി ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
''ബി.ജെ.പിയെ പരാജയപ്പെടുത്താൻ സംസ്ഥാനത്തെ ജനങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചതിനാൽ ഉപതെരഞ്ഞെടുപ്പിൽ അവര്‍ക്ക് ഒരു സീറ്റ് പോലും നേടാനാകില്ല. മാധ്യമവാര്‍ത്തകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ ബി.ജെ.പി നേതൃത്വം, സ്ഥലംമാറ്റം പതിവ് നടപടിയാണെന്നും ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഏക മാനദണ്ഡം മെറിറ്റാണെന്നും വ്യക്തമാക്കി.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം, യാദവ സമുദായത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പലയിടത്തും പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിച്ചെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരാജയപ്പെട്ട സ്ഥാനാർത്ഥികളും മുതിർന്ന നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരുന്നു. ഇതിനിടെയാണ് ഉദ്യോഗസ്ഥരെ മാറ്റിയെന്ന വാര്‍ത്തകളും വരുന്നത്. സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളില്‍ 33 എണ്ണത്തില്‍ മാത്രമെ ബി.ജെ.പിക്ക് വിജയിക്കാനായുള്ളൂ.
അതേസമയം ഉപതെരഞ്ഞെടുപ്പ് ഏതുസമയത്തും പ്രഖ്യാപിക്കാമെന്നിരിക്കെ സംസ്ഥാനത്ത് പ്രചാരണവും സജീവമാകുന്നുണ്ട്. യുവാക്കൾക്കിടയിലേക്കിറങ്ങിയുള്ള ക്യാമ്പയിനുമായാണ് എസ്.പി മുന്നോട്ടുപോകുന്നത്. ഉപതെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന പത്ത് സീറ്റുകളിൽ അഞ്ചെണ്ണം എസ്.പിയുടെതും മൂന്നെണ്ണം ബി.ജെ.പിയുടെതും മറ്റു രണ്ടെണ്ണം എന്‍.ഡി.എയുടെ സഖ്യകക്ഷികളായ രാഷ്ട്രീയ ലോക് ദൾ (ആർ.എൽ.ഡി) നിഷാദ് പാർട്ടി എന്നിവരുടെ സിറ്റിങ് സീറ്റുകളുമാണ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ ബാധിക്കില്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തില്‍ നിന്ന് മുക്തമാകാന്‍ എസ്.പിയില്‍ നിന്ന് കുറച്ച് സീറ്റെങ്കിലും പിടിച്ചെടുത്തെ മതിയാവൂ. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിനാകട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിലനിര്‍ത്തുകയും വേണം. അതേസമയം ഉപതെരഞ്ഞെടുപ്പിൽ ജയിക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലയില്‍ യോഗി ആദിത്യനാഥിന്റെ ആവശ്യം കൂടിയാണ്. സ്വന്തം പാളയത്തിലെ പട തന്നെയാണ് അദ്ദേഹത്തിന് പാരയാകുന്നത്.
ഉപതെരഞ്ഞെടുപ്പ് ഫലം കൂടി പ്രതികൂലമായാല്‍ യോഗിയുടെ കാര്യം പരുങ്ങലിലാകും. അതിന് തക്കം പാര്‍ത്ത് ഉപമുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തുണ്ട്.