ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കുനേരെ പുഷ്പവൃഷ്ടി; വർഗീയ സംഘർഷഭീതിക്കിടയിൽ സൗഹാർദക്കാഴ്ചയൊരുക്കി മുസ്‌ലിം യുവാക്കൾ

ദിവസങ്ങൾക്കുമുൻപ് വർഗീയ ലഹള നടന്ന ഭോപ്പാലിലാണ് ഹനുമാൻ ജയന്തി ഘോഷയാത്രയെ മുസ്‌ലിം യുവാക്കൾ പുഷ്പവൃഷ്ടിയുമായി വരവേറ്റത്

Update: 2022-04-17 15:28 GMT
Editor : Shaheer | By : Web Desk
Advertising

ഭോപ്പാൽ: രാമനവമി ആഘോഷങ്ങളുടെയടക്കം പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വർഗീയസംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മധ്യപ്രദേശിൽനിന്ന് വരുന്നത് പ്രതീക്ഷ പകരുന്ന വാർത്തയാണ്. ദിവസങ്ങൾക്കുമുൻപ് വർഗീയ ലഹള നടന്ന ഭോപ്പാലിലാണ് ഹനുമാൻ ജയന്തി ഘോഷയാത്രയെ മുസ്‌ലിം യുവാക്കൾ പുഷ്പവൃഷ്ടിയുമായി വരവേറ്റത്. ഘോഷയാത്ര കൂടുതൽ സംഘർഷങ്ങൾക്കിടയാക്കിയേക്കുമെന്ന ആശങ്കൾക്കിടെയായിരുന്നു പുതിയ കാഴ്ച.

പുതിയ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹനുമാൻ ജയന്തിയോടനുബന്ധിച്ച ആഘോഷ പരിപാടികൾക്കും ശോഭയാത്രയ്ക്കുമെല്ലാം വൻ സുരക്ഷയാണ് എങ്ങും ഏർപ്പെടുത്തിയിരുന്നത്. ഇതിനിടയിലാണ് ശോഭയാത്ര നഗരത്തിലെത്തിയപ്പോൾ അപ്രതീക്ഷിതമായി ഇവിടത്തെ മുസ്‌ലിം സമൂഹത്തിന്റെ വരവേൽപ്പ്. നഗരത്തിലെ കെട്ടിടങ്ങൾക്കും വീടുകൾക്കും മുകളിൽനിന്ന് ഹിന്ദു വിശ്വാസികൾക്കുനേരെ പൂക്കൾ വിതറുകയായിരുന്നു ഇവർ. സംഭവത്തിന്റെ വിഡിയോ വാർത്താ ഏജൻസിയായ എ.എൻ.ഐ അടക്കം പുറത്തുവിട്ടിട്ടുണ്ട്.

അൻജും ഇസ്‌ലാമിയ സ്‌കൂൾ കമ്മിറ്റി അംഗങ്ങളാണ് സ്വീകരണ പരിപാടി ആസൂത്രണം ചെയ്തത്. ''ഭോപ്പാൽ സൗഹാർദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്. അത് തകർക്കാൻ ആരെയും അനുവദിക്കില്ല..'' സ്വീകരണത്തിന് നേതൃത്വം നൽകിയ സുബേർ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചും പരസ്പരം സഹായിച്ചും കഴിയുന്ന ഗംഗ-യമുന സസ്‌കാരമാണ് ഭോപ്പാലിന്റേതെന്ന് സംഘാടകരിൽപെട്ട സാജിദ് ഖാൻ പറഞ്ഞു. ഭോപ്പാലിന്റെ യഥാർത്ഥ സംസ്‌കാരം പ്രകടിപ്പിക്കാനാണ് തങ്ങൾ ഇവിടെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 5,000ത്തോളം പേരാണ് ശോഭയാത്രയിൽ പങ്കെടുക്കാനെത്തിയിരുന്നത്. തല്ലിയയിലെ കാളി മന്ദിറിൽനിന്ന് തുടങ്ങിയ യാത്ര ഛാർബാട്ടി ചൗരഹ, ബുധ്വാര, ഇറ്റ് വാര, ആസാദ് മാർക്കറ്റ്, ഗോദ നക്കാസ്, നദ്ര ബസ് സ്റ്റാൻഡ് പിന്നിട്ടാണ് സിന്ധി കോളനിയിൽ സമാപിച്ചത്.

Summary: Muslims welcome Hanuman 'Shobha Yatra' with flower petals in Bhopal, Madhya Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News