ശക്തിധരന്‍ പറഞ്ഞതൊന്നും സി.പി.എം മുഖവിലക്കെടുക്കുന്നില്ല, അതെല്ലാം സ്വയം എരിഞ്ഞടങ്ങും: എം.വി. ഗോവിന്ദന്‍
ആര്‍ഷോ നിഖില്‍ തോമസിനെ ന്യായീകരിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം: കൈതോല പായ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജി. ശക്തിധരന്‍ പറഞ്ഞതൊന്നും സി.പി.എം മുഖവിലക്കെടുക്കുന്നില്ലെന്നും അവരെല്ലാം സി.പി.എം വിരുദ്ധ ചേരിയിലെ മുന്‍നിര വലതുപക്ഷക്കാരാണെന്നും അതെല്ലാം സ്വയം എരിഞ്ഞടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനുള്ള പാര്‍ട്ടിക്കകത്തെ തെറ്റുതിരുത്തല്‍ ക്യാമ്പയില്‍ നന്നായി നടത്താനായി. തിരുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്നും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ നിഖില്‍ തോമസിനെ ന്യായീകരിക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
''കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പ് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും തട്ടിപ്പ് കേസ് അഭിമുഖീകരിക്കുകയാണ്. മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍ പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്ന് വലിയ തുക സംഭരിച്ച് നടത്തിയ തട്ടിപ്പാണ് സതീശനെതിരെ പുറത്തുവന്നത്. എന്നാല്‍ ഇത് രാഷ്ട്രീയപ്രേരിതമാണെന്നാണ് പറയുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം ഇടതുപക്ഷം മാത്രമാണ്.' എം.വി ഗോവിന്ദന്‍ പറഞ്ഞു.