എനിക്ക് സ്വന്തമായൊരു വീടില്ല, രാജ്യത്തെ നാല് കോടി പാവങ്ങൾക്ക് വീടുണ്ടാക്കി നൽകിയെന്ന് മോദി

മധ്യപ്രദേശിലെ സത്നയിൽ നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

Update: 2023-11-09 12:52 GMT
Advertising

ഭോപ്പാൽ: ബി.ജെ.പി സർക്കാർ രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുണ്ടാക്കി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കുവേണ്ടി ഒരു വീടുപോലും ഉണ്ടാക്കിയിട്ടില്ലെന്നും മധ്യപ്രദേശിലെ സത്നയിൽ നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു. 

"നിങ്ങളുടെ ഓരോ വോട്ടും മധ്യപ്രദേശിൽ വീണ്ടും ബി.ജെ.പി സർക്കാറിനെ അധികാരത്തിലെത്തിക്കും. നിങ്ങളുടെ ഓരോ വോട്ടും ഡൽഹിയിലിരിക്കുന്ന മോദിക്ക് ശക്തിപകരും. നിങ്ങളുടെ ഓരോ വോട്ടും അഴിമതി നിറഞ്ഞ കോൺഗ്രസിനെ അധികാരത്തിന് നൂറ് മൈൽ അകലെ നിർത്തും" ഓരോ വോട്ടിനും മൂന്ന് മെച്ചമാണുള്ളതെന്നും അതാണ് ത്രിശക്തിയെന്നും മോദി പറഞ്ഞു. 

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിന്‍റെ കാലത്ത് അനധികൃതമായി സർക്കാറിന്‍റെ സഹായം വാങ്ങിയിരുന്ന 10 കോടി പേരെയാണ് ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയത്. 2.75 ലക്ഷം കോടി രൂപ സർക്കാർ ഇതുവഴി മിച്ചംവെച്ചു. ഈ നീക്കം കോൺഗ്രസിനെ ബാധിച്ചതുകൊണ്ടാണ് അവർ തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നതെന്നാണ് മോദി ചൂണ്ടിക്കാട്ടുന്നത്.

ഞാൻ എവിടെ പോയാലും അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തെ കുറിച്ചാണ് ആളുകൾ ചോദിക്കുന്നതെന്നും രാജ്യത്താകെ സന്തോഷം അലയടിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.  

ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാറിന് കീഴിൽ ദരിദ്രർക്കായി ലക്ഷക്കണക്കിന് വീടുകൾ നിർമിച്ച സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആരംഭിച്ച പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ പദ്ധതി അടുത്ത അഞ്ചുവർഷത്തേക്ക് കൂടി നീട്ടുമെന്നും മോദി വ്യക്തമാക്കി. നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. 230 സീറ്റുകളിൽ ജനവിധി തേടും. മറ്റ് നാല് സംസ്ഥാനങ്ങളോടൊപ്പം ഡിസംബർ മൂന്നിനാണ് ഫലപ്രഖ്യാപനം.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News