'കങ്കണ അതു പറയുമ്പോള്‍ എന്‍റെ അമ്മ കര്‍ഷക സമരത്തിലുണ്ടായിരുന്നു'; നടിയുടെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ

നൂറ് രൂപക്ക് വേണ്ടി കര്‍ഷകര്‍ സമരം ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ അവിടെ പോയി ഇരിക്കുമോ?

Update: 2024-06-07 05:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചണ്ഡീഗഡ്: നിയുക്ത എം.പിയും നടിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. 100 രൂപ കൊടുത്തല്‍ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ തയ്യാറെണന്ന് കങ്കണ പറയുമ്പോള്‍ തന്‍റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്ന് കൗര്‍ വ്യക്തമാക്കി.

''നൂറ് രൂപക്ക് വേണ്ടി കര്‍ഷകര്‍ സമരം ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ അവിടെ പോയി ഇരിക്കുമോ? അവരിത് പറയുമ്പോള്‍ എന്‍റെ അമ്മ അവിടെ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു'' കുല്‍വിന്ദര്‍ പറഞ്ഞു. പഞ്ചാബിലെ കര്‍ഷക കുടുബത്തില്‍ നിന്നുള്ള കൗറിനെ സംഭവത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ വിജയിച്ച് ഡൽഹിയിലേക്ക് പോകുന്ന കങ്കണ കർഷകരെ അപമാനിച്ചതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നാണ് കൗര്‍ പറഞ്ഞു. പഞ്ചാബില്‍ തീവ്രവാദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കങ്കണ പ്രതികരിച്ചു. "സെക്യൂരിറ്റി ചെക്ക്-ഇൻ സമയത്താണ് സംഭവം നടന്നത്. വനിതാ ഗാർഡ് ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എന്നെ അടിച്ചു. എന്തിനാണ് എന്നെ അടിച്ചതെന്ന് ഞാൻ ചോദിച്ചു. താൻ കർഷകരെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു മറുപടി. ഞാൻ സുരക്ഷിതയാണ്.പക്ഷെ പഞ്ചാബിൽ തീവ്രവാദം വർധിക്കുന്നു എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു'' കങ്കണ എക്സില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെയാണ് കങ്കണക്ക് അടിയേറ്റത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണ നടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. കങ്കണ ബോര്‍ഡിങ് ഏരിയയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിക്കെതിരെ നടപടിയെടുക്കുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞു. ഒരു സുരക്ഷാ ഉദ്യോഗസ്ഥ സംഭവത്തിന് ഉത്തരവാദിയായതില്‍ ദുഃഖമുണ്ടെന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News