'എന്‍റെ അമ്മ മുസ്‌ലിമാണ്, അച്ഛന്‍ ഹിന്ദുവും'; നവാബ് മാലിക്കിന് മറുപടിയുമായി സമീര്‍ വാങ്കഡെ
സമീര്‍ വാങ്കഡെ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സര്‍ട്ടിഫിക്കറ്റ് തിരുത്തിയതെന്നുമായിരുന്നു നവാബ് മാലിക്കിന്‍റെ ആരോപണം.
മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി നവാബ് മാലികിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആര്യൻ ഖാന്‍റെ കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. തന്നെ ചിലർ ലക്ഷ്യമിടുകയാണെന്നും അതിനായി മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണമുന്നയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
സമീര്‍ വാങ്കഡെ മുസ്‌ലിമാണെന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പട്ടികജാതി സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സര്‍ട്ടിഫിക്കറ്റ് തിരുത്തിയതെന്നുമായിരുന്നു നവാബ് മാലിക്കിന്‍റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്നവകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.
Sameer Dawood Wankhede का यहां से शुरू हुआ फर्जीवाड़ा pic.twitter.com/rjdOkPs4T6
— Nawab Malik نواب ملک नवाब मलिक (@nawabmalikncp) October 25, 2021
തന്‍റെ പിതാവ് ധന്യദേവ് കച്റൂജി വാങ്കഡെ ഹിന്ദുവാണ്. എക്സൈസ് വകുപ്പിൽ നിന്ന് സീനിയർ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്‌ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്നത്. അതിൽ അഭിമാനമുണ്ട്. 2006ൽ ഡോ. ശബ്ന ഖുറേഷിയെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ ഞങ്ങൾ നിയമപരമായി വിവാഹമോചനം നേടി. 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു - സമീർ വാങ്കഡെ പ്രസ്താവനയിൽ പറഞ്ഞു.
നിലവാരമില്ലാത്ത ആരോപണമാണ് നവാബ് മാലിക് തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും മയക്കുമരുന്ന് കേസുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളാണിവയെന്നും സമീര്‍ വാങ്കഡെ വ്യക്തമാക്കി. വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്റെ മരിച്ചുപോയ അമ്മയെയും അവരുടെ മതവുമെല്ലാം ഇതിലേക്ക് വലിച്ചിഴക്കുന്നത് കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും വാങ്കഡെ പറഞ്ഞു.
ഒരു വര്‍ഷത്തിനകം സമീര്‍ വാങ്കഡെയുടെ ജോലി തെറിക്കുമെന്ന വെല്ലുവിളിയുമായി നവാബ് മാലിക് നേരത്തെ രംഗത്തെത്തിയിരുന്നു. സമീര്‍ വാങ്കഡെ ബി.ജെ.പിയുടെ പാവയാണെന്നും കള്ളക്കേസുകള്‍ ഉണ്ടാക്കലാണ് അയാളുടെ ജോലിയെന്നും മാലിക് ഉന്നയിച്ചിരുന്നു.
അതേസമയം, നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാന്‍റെ ജാമ്യം റദ്ദാക്കാന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ലഹരിക്കേസില്‍ ഈ വര്‍ഷം ജനുവരി 13നാണ് സമീര്‍ ഖാന്‍ അറസ്റ്റിലായത്. തുടര്‍ന്ന് സെപ്റ്റംബര്‍ 27ന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.സി.ബി കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.