ചായ കിട്ടിയില്ല; ശസ്ത്രക്രിയ പാതിവഴിയിൽ നിർത്തി ഇറങ്ങിപ്പോയി നാ​ഗ്പൂരിലെ ഡോക്ടർ; അന്വേഷണം

സ്ത്രീകൾക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ (വാസക്ടമി)യാണ് ഡോക്ടർ പാതിവഴിയിൽ ഉപേക്ഷിച്ചത്.

Update: 2023-11-07 15:36 GMT
Advertising

നാ​ഗ്പൂർ: ചായ ചോദിച്ചിട്ട് കിട്ടാത്തതിൽ ക്ഷുഭിതനായി ശസ്ത്രക്രിയ പാതിവഴിയിൽ നിർത്തി ഇറങ്ങിപ്പോയി ഡോക്ടർ. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. വന്ധ്യംകരണ ശസ്ത്രക്രിയ (വാസക്ടമി)യാണ് ഡോക്ടർ പാതിവഴിയിൽ ഉപേക്ഷിച്ചത്. സംഭവത്തിൽ ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചു.

നഗരത്തിലെ മൗദ ഏരിയയിലെ സർക്കാർ ആശുപത്രിയിലെ ഡോ. ഭലവിയിൽ നിന്നാണ് ഇത്തരമൊരു സമീപനമുണ്ടായത്. എട്ട് സ്ത്രീകളെയാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. നാല് പേരുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. എന്നാൽ ഇത് കിട്ടാത്തതിനെ തുടർന്ന് ഇയാൾ ഓപ്പറേഷൻ തിയറ്റർ വിടുകയായിരുന്നു.

സംഭവം നടക്കുമ്പോൾ, ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്‌തേഷ്യ നൽകിയതിനാൽ ബാക്കി നാല് സ്ത്രീകൾക്ക് ബോധം തെളിഞ്ഞിരുന്നില്ല. പിന്നീട്, സ്ത്രീകളുടെ കുടുംബാംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടുകയും ചികിത്സാ പിഴവിനെ കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയ പൂർത്തിയാക്കാനായി ആശുപത്രി അധികൃതർ മറ്റൊരു ഡോക്ടറെ നിയോ​ഗിക്കുകയായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിച്ചതായി നാഗ്പൂർ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശർമ പറഞ്ഞു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News