ആർഎസ്എസ് തട്ടകത്തിൽ കോൺഗ്രസ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം
ജില്ലാ പരിഷത്തുകളിലെ 85 വാർഡുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 144 വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
മുംബൈ: ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് കോൺഗ്രസ്. ഉച്ചവരെയുള്ള ഫലം പുറത്തുവരുമ്പോൾ നാഗ്പൂർ ജില്ലാ പരിഷത്തിലെ 16 സീറ്റിൽ നാലിടത്ത് കോൺഗ്രസ് വിജയിച്ചു. ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റു വീതം സ്വന്തമാക്കി.
31 പഞ്ചായത്ത് സമിതി സീറ്റുകളിൽ 11 ഇടത്തെ ഫലങ്ങൾ പുറത്തുവന്നു. എട്ടിടത്താണ് കോൺഗ്രസ് വിജയിച്ചത്. മൂന്നു സീറ്റിൽ ബിജെപി വിജയിച്ചു. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതിയിലും എൻസിപിക്കും ശിവസേനയ്ക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.
ധുലെ, നന്ദുർബാർ, അകോല, വഷിം, നാഗ്പൂർ, പാൽഗർ ജില്ലാ പരിഷത്തുകളിലെ 85 വാർഡുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 144 വാർഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉച്ച വരെ ജില്ലാ പരിഷത്തിൽ 17 സീറ്റുകൾ നേടി ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ഒമ്പതിടത്തും എൻസിപി പത്തിടത്തും വിജയിച്ചു. ശിവസേന പത്തു സീറ്റു നേടിയപ്പോൾ സ്വതന്ത്രർക്ക് 14 സീറ്റു കിട്ടി.
പഞ്ചായത്ത് സമിതിയിലും ബിജെപി തന്നെയാണ് മുമ്പിൽ. 22 സീറ്റ് ബിജെപി സ്വന്തമാക്കിയപ്പോൾ കോൺഗ്രസിന് ഇതുവരെ കിട്ടിയത് ഒമ്പത് സീറ്റ്. എൻസിപിയും ശിവസേനയും മൂന്നു വീതം സീറ്റുകളിൽ വിജയിച്ചു.