ഗ്യാൻവാപി മസ്ജിദിൽ നമസ്കാരം പതിവ് പോലെ
വരാണസി ജില്ലാ കോടതി ഉത്തരവ് വന്നതിന് പിന്നാലെ വ്യാഴാഴ്ച അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചിരുന്നു
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിന്റെ അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചെങ്കിലും വ്യാഴാഴ്ചയും പതിവ് പോലെ നമസ്കാരം നടന്നു. നമസ്കാരം തടയാൻ അധികൃതരുടെയോ, പുറത്തുനിന്നുള്ളവരുടെയോ ഭാഗത്ത് നിന്ന് നീക്കമൊന്നുമുണ്ടായില്ലെന്ന് അൻജുമൻ മസാജിദ് ഇൻതിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു.
പൂജക്ക് ബുധനാഴ്ച അനുമതി നൽകിയതിനു പിന്നാലെ വ്യാഴാഴ്ച തെക്കുഭാഗത്തെ നിലവറയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ആരംഭിച്ചിരുന്നു.മസ്ജിദിനകത്താണ് വിഗ്രഹം സ്ഥാപിച്ചതെന്നും ഇവിടെ മുസ്ലിംകൾക്ക് ആരാധന മുടങ്ങിയെന്നുമുള്ള സമൂഹമാധ്യമ പ്രചാരണം തെറ്റാണെന്നും അത് അവസാനിപ്പിക്കണമെന്നും സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു.
ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം തന്നെ പ്രദേശവാസികൾ മസ്ജിദ് കോംപ്ലക്‌സിനകത്തെ നിലവറയിൽ പൂജ തുടങ്ങിയിരുന്നു.
അതിനിടെ പൂജക്ക് അനുമതി നൽകിയ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ആദ്യം ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. നിയമപോരാട്ടം തുടരുമെന്നും നീതി വേണമെന്നും മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ പറഞ്ഞു.