ഷർട്ടിന്റെ ബട്ടണിട്ടില്ല; ബംഗളൂരു മെട്രോയിൽ യുവാവിന് യാത്ര നിഷേധിച്ചതായി പരാതി
വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ച ആയതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി
ബംഗളൂരു: ഷർട്ടിന്റെ ബട്ടണിട്ടില്ലെന്നും മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചില്ലെന്നും ആരോപിച്ച് യുവാവിന് മെട്രോ യാത്ര നിഷേധിച്ചതായി പരാതി. ദൊഡ്ഡകല്ലസന്ദ്ര മെട്രോ സ്റ്റേഷനിൽ മെട്രോ ട്രെയിനിൽ കയറാനെത്തിയ യുവാവിനെയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്യോഗസ്ഥർ തടഞ്ഞത്.
മാന്യമായി വസ്ത്രം ധരിച്ച് വന്നാൽ മാത്രമേ ട്രെയിനിൽ കയറ്റൂവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ യുവാവിനെ തിരിച്ചയച്ചതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. അല്ലാത്ത പക്ഷം മെട്രോയുടെ പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.ഇതോടെ കൂടെയുണ്ടായിരുന്ന യാത്രക്കാർ ഇടപെടുകയും ഒരാൾ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
'വളരെ നിരാശാജനകമായ സംഭവം. വസ്ത്രവുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരെ കൂടി തടഞ്ഞു. ഒരു തൊഴിലാളിയെ തടഞ്ഞുനിർത്തി അയാളോട് ബട്ടനുകൾ ഇടാനായി പറഞ്ഞു. എപ്പോഴാണ് നമ്മുടെ മെട്രോ ഇങ്ങനെ ആയത്'. ബിഎംആർസിഎൽ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു സഹയാത്രികന്റെ പോസ്റ്റ്. വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ച ആയതോടെ ബിഎംആർസിഎൽ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.
ബിഎംആർസിഎൽ എല്ലാ യാത്രക്കാരെയും ഒരുപോലെയാണ് പരിഗണിക്കാറുള്ളത്. യാത്രക്കാർ പണക്കാരനാണോ ദരിദ്രനാണോ പുരുഷന്മാരാണോ സ്ത്രീകളാണോ എന്നതിന്റെ അടിസ്ഥാനത്തിൽ യാതൊരു വ്യത്യാസവും വരുത്തുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ആ യാത്രക്കാരൻ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടാവില്ലെന്ന് ഉറപ്പു വരുത്താനാണ് അയാളെ തടഞ്ഞതെന്നും വ്യക്തിയെ കൗൺസിലിങ് ചെയ്യാനായാണ് തടഞ്ഞുനിർത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.
നേരത്തെ, മുഷിഞ്ഞ വസ്ത്രവും തലയിൽ ബാഗുമായി വന്നതിന്റെ പേരിൽ ഒരു കർഷകന് ട്രെയിനിൽ പ്രവേശനം നിഷേധിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.സംഭവം വിവാദമായതോടെ ഒരു സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തിരുന്നു.