ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ തിരുപ്പതിയിലേക്കുള്ള നന്ദിനി നെയ്യ് വിതരണം നിർത്തിയിരുന്നു; സിദ്ധരാമയ്യ
ടിടിഡിക്ക് നന്ദിനി നെയ്യ് വിതരണം നിർത്തിയത് കോൺഗ്രസ് സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയമാണെന്ന ബിജെപിയുടെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ
ബെംഗളൂരു: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്കുള്ള നന്ദിനി നെയ്യ് വിതരണം നിർത്തിവച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി കര്‍ണാട മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പി സര്‍ക്കാരിന്‍റെ കാലത്തു തന്നെ തിരുപ്പതിയിലേക്കുള്ള നെയ്യ് വിതരണം നിര്‍ത്തിവച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.ടിടിഡിക്ക് നന്ദിനി നെയ്യ് വിതരണം നിർത്തിയത് കോൺഗ്രസ് സർക്കാരിന്‍റെ ഹിന്ദു വിരുദ്ധ നയമാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്‍റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു സിദ്ധരാമയ്യ.
ഹിന്ദുക്കളുടെ വിശ്വാസങ്ങൾക്ക് നേരെ കോൺഗ്രസ് സർക്കാർ എപ്പോഴും കണ്ണടയ്ക്കുകയാണെന്നും 50 വർഷത്തെ പാരമ്പര്യം തകർത്തെന്നും ഹിന്ദുക്കളോടുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അവഗണനയാണ് ഇത് കാണിക്കുന്നതെന്നും നളിൻ കുമാർ കട്ടീൽ പറഞ്ഞിരുന്നു. “മിസ്റ്റർ കട്ടീൽ, കഴിഞ്ഞ ബിജെപി സർക്കാർ ഹിന്ദുക്കളുടെ വിശ്വാസത്തിന് എതിരായിരുന്നോ, അതോ അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാത്രം ഹിന്ദു വിരുദ്ധനാണോ എന്ന് ഞങ്ങളോട് പറയൂ'' എന്ന് സിദ്ധരാമയ്യ ചോദിച്ചു.
“ക്ഷീരകർഷകരായ ആളുകളുടെ ജീവിതവും ഞങ്ങൾക്ക് പ്രധാനമാണ്. കർഷകരുടെ താൽപര്യം കണക്കിലെടുത്ത്, ഞങ്ങൾ പറയുന്ന വില നൽകാൻ തിരുപ്പതി ക്ഷേത്രം മാനേജ്‌മെന്‍റ് തയ്യാറാണെങ്കിൽ, നെയ്യ് വിതരണം ചെയ്യുന്നതിൽ പ്രശ്‌നമില്ല, ”അദ്ദേഹം പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് അഭ്യർത്ഥിച്ച കെഎംഎഫ് പ്രസിഡന്‍റും കോൺഗ്രസ് എം.എൽ.എയുമായ ഭീമാ നായിക്, സൗജന്യ പദ്ധതികൾ നടപ്പാക്കി കോൺഗ്രസ് സർക്കാരിന്‍റെ വിജയം ബിജെപിക്ക് സഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് ജനോപകാരപ്രദവും വിപ്ലവകരവുമായ പരിപാടികൾ ആവിഷ്‌കരിക്കുന്നതിൽ ബിജെപി അസ്വസ്ഥരാണെന്നും നായിക് പറഞ്ഞു.
"കെഎംഎഫ് 2005 മുതൽ 2020 വരെ തിരുപ്പതിയിലേക്ക് നന്ദിനി നെയ്യ് വിതരണം ചെയ്തിരുന്നു. ഓരോ ആറ് മാസത്തിലും 1,700 മുതൽ 2,000 മെട്രിക് ടൺ നെയ്യ് വിതരണം ചെയ്യുന്നതിനായി ടിടിഡി ടെൻഡർ ക്ഷണിക്കുന്നു. "ഡിമാൻഡിന്‍റെ 45 ശതമാനം ഞങ്ങൾ നൽകും. നന്ദിനി നെയ്യിന് വിശ്വാസ്യതയുണ്ട്. വീട്ടിൽ തയ്യാറാക്കിയതിന് തുല്യമാണ്.2020 മുതൽ ഞങ്ങൾ L3 വിതരണക്കാരാണ്, L1, L2 ലേലക്കാർക്ക് ശേഷം ഞങ്ങൾ വിതരണം ചെയ്യേണ്ടതുണ്ട്. നായിക് പറഞ്ഞു.
"നേരത്തെ 94 മെട്രിക് ടൺ ഉൽപ്പാദിപ്പിച്ചിരുന്നത് ഇപ്പോൾ 84 മെട്രിക് ടൺ നെയ്യാണ്, നെയ്യിന് അനുയോജ്യമായ വില നൽകിയാൽ, അത് തീർച്ചയായും വിതരണം ചെയ്യും, നന്ദിനി നെയ്യിന് വലിയ ഡിമാൻഡാണ്. ബി.ജെ.പി നേതാക്കൾ പ്രശ്നം സൃഷ്ടിക്കുന്നു. ജോലിയൊന്നുമില്ല. കർഷകൻ ബുദ്ധിമുട്ടിലാണ്, അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിച്ചു. സർക്കാർ പാലിന്‍റെ വില 3 രൂപ വർധിപ്പിച്ച് അത് അവരിലേക്ക് എത്തുമെന്ന് ഉറപ്പാക്കി," നായിക് പറഞ്ഞു. ബി.ജെ.പി മുൻ എം.എൽ.എ സി.ടി രവി ആരോപിച്ചത് പോലെ നന്ദിനി പാലിന് കേരളത്തിൽ വിപണി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുണ്ടെന്നും ചർച്ച നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.