മോദി, മോദി, വീണ്ടും മോദി... 2024ൽ പിടിച്ചു കെട്ടാനാകുമോ?

യോഗിയാണ് മുഖ്യമന്ത്രിയെങ്കിലും രാജ്യത്തെ മറ്റിടങ്ങളിലെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് യുപിയില്‍ ബിജെപിയുടെ 'പോസ്റ്റർ ബോയ്'.

Update: 2022-03-10 07:02 GMT
Editor : abs | By : Web Desk
Advertising

2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യുപി ഇലക്ഷനിൽ ബിജെപി നേടിയത് അതിനിർണായക വിജയം. തൊഴിലില്ലായ്മ, വിലക്കയറ്റം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളൊക്കെ ഉന്നയിച്ചിട്ടും പ്രതിപക്ഷ കക്ഷികൾക്ക് സംസ്ഥാനത്ത് നിലം തൊടാനായില്ല. 403 അംഗ സഭയിൽ നിലവിൽ 270ലേറെ സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്ന് കരുതിയ അഖിലേഷ് യാദവിന്‍റെ എസ്.പി 150ൽ താഴെ സീറ്റുകളിൽ മാത്രം മുന്നിട്ടു നില്‍ക്കുന്നു. ഒരു കാലത്ത് സംസ്ഥാനത്തിന്റെ അധികാരം കൈയാളിയിരുന്ന മായാവതിയുടെ ബിഎസ്പി ചിത്രത്തിലേ ഇല്ലാതായി. പ്രിയങ്കാ ഗാന്ധിയുടെ കൊണ്ടുപിടിച്ച പ്രചാരണങ്ങൾക്കൊടുവിലും നാലു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

37 വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത്. ഭരണത്തിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന ആദ്യ മുഖ്യമന്ത്രി എന്ന നേട്ടത്തിനൊപ്പം, രണ്ടാമൂഴത്തിനുള്ള അവസരവും യോഗി ആദിത്യനാഥിന് ലഭിച്ചിരിക്കുകയാണ്. വമ്പൻ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തിലും യോഗി നിർണായക സാന്നിധ്യമാകുമെന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.

യോഗിയാണ് മുഖ്യമന്ത്രിയെങ്കിലും രാജ്യത്തെ മറ്റിടങ്ങളിലെ പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സംസ്ഥാനത്ത് ബിജെപിയുടെ 'പോസ്റ്റർ ബോയ്'. വാരാണസി ലോക്‌സഭാ മണ്ഡലത്തിലൂടെ സംസ്ഥാനവുമായുള്ള ഹൃദയബന്ധം മോദി നിലനിർത്തുകയും ചെയ്യുന്നു. 2014ലെയും 2019ലെയും പൊതു തെരഞ്ഞെടുപ്പുകളിലെ വൻ വിജയ ശേഷം രാഷ്ട്രീയവിദഗ്ധർ ഏറെ ഉറ്റുനോക്കിയിരുന്നത് യുപിയിലെ ഈ തെരഞ്ഞെടുപ്പിലേക്കായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു ഗ്രൌണ്ടില്‍ പാർട്ടി നേരിട്ടിരുന്ന വെല്ലുവിളി. എന്നാൽ മോദിയെ പിടിച്ചു കെട്ടാൻ ദേശീയ രാഷ്ട്രീയത്തിൽ ഇനിയുമൊരാൾ ഉണ്ടായിട്ടില്ല എന്നു കൂടി ഫലം തെളിയിക്കുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയായും ഈ ഫലത്തെ വിദഗ്ധർ വിലയിരുത്തുന്നു.

കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ ജാട്ടുകൾക്ക് മേധാവിത്വമുള്ള പടിഞ്ഞാറൻ യുപിയിൽ രാഷ്ട്രീയവിദഗ്ധർ ബിജെപിക്ക് തിരിച്ചടി പ്രവചിച്ചെങ്കിലും അതുണ്ടായില്ല. ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളുമായി എസ്പി സഖ്യമുണ്ടാക്കിയെങ്കിലും അത് ജനവിധിയെ സ്വാധീനിച്ചില്ല. സംസ്ഥാനത്തുടനീളം മുസ്‌ലിം, യാദവേതര വോട്ടുകളുടെ ഏകീകരണവും സംഭവിച്ചെന്ന് ഫലം പറയുന്നു. മുസ്ലിംകൾക്കും ദളിതർക്കും മേധാവിത്വമുള്ള മണ്ഡലങ്ങളിലും ബിജെപിയാണ് മുമ്പിൽ നിൽക്കുന്നത്.

എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിയാകുന്ന തരത്തിലാണ് ജനവിധി വരുന്നത്. മിക്ക എക്‌സിറ്റ് പോളുകളും ഭരണകക്ഷിക്ക് 250-270 സീറ്റാണ് പ്രവചിച്ചിരുന്നത്. പോളുകൾ ആധികാരികമല്ല എന്നായിരുന്നു എസ്പിയുടെ പ്രതികരണം. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ബിജെപിക്കും എസ്പിക്കും പുറമേ, മറ്റൊരു പാർട്ടിയും രണ്ടക്കം തൊട്ടില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News