ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം: അരവിന്ദ് കെജ്രിവാൾ

പാർട്ടിക്കെതിരെ സ്വാതി മലിവാൾ എം.പി

Update: 2024-05-19 07:58 GMT
Advertising

ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി ആംആദ്മി പാർട്ടി. നേതാക്കളെ മുഴുവൻ ജയിലിലടക്കാനാണ് ബി.ജെ.പി ഭരണകൂടത്തിന്റെ ശ്രമമെന്ന് ആരോപിച്ചായിരുന്നു മാർച്ച്. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ നേതൃത്വം നൽകി.

രാജ്യസഭാ എം.പിയും ആപ്പ് നേതാവുമായ സ്വാതി മലിവാളിനെ ആക്രമിച്ചെന്ന പരാതിയിൽ കെജ്‌രിവാളിൻ്റെ സഹായി ബൈഭവ് കുമാറിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മാർച്ച് പ്രഖ്യാപിച്ചത്.

ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അരവിന്ദ് കെജ്‍രിവാൾ ആരോപിച്ചു. എ.എ.പി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓപ്പറഷൻ ജാദു ആരംഭിച്ചിരിക്കുന്നു. വരും ദിവസങ്ങളിൽ അവർ കൂടുതൽ പേരെ അറസ്റ്റ് ചെയ്യും. കൂടാതെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ എ.എ.പിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ അക്കൗണ്ട് മരവിപ്പിച്ചാൽ ജനങ്ങളുടെ സഹതാപം നമുക്ക് ലഭിക്കും. അതിനാൽ തെരഞ്ഞെടുപ്പിന് ശേഷം അക്കൗണ്ട് മരവിപ്പിക്കുകയും ഓഫീസുകൾ ഇല്ലാതാക്കുകയും നമ്മെ തെരുവുലിറക്കുകയും ചെയ്യും. ഇതാണ് ബി.ജെ.പിയുടെ മൂന്ന് പദ്ധതികളെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

മാർച്ചിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരുന്നത്. ബി.ജെ.പി ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ ഏതാനും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, പാർട്ടിക്കെതിരെ സ്വാതി മലിവാൾ എം.പി രംഗത്തുവന്നു. തന്റെ പാർട്ടി സഹപ്രവർത്തകർ ഒരിക്കൽ നീതി തേടി നിർഭയക്ക് വേണ്ടി പോരാടിയവരാണ്. ഇന്ന് അവർ തന്നെ ആക്രമിച്ച വ്യക്തിയെ പിന്തുണക്കുകയാണെന്നും സ്വാതി മലിവാൾ കുറ്റപ്പെടുത്തി.

മെയ് 13ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാൻ അ​​ദ്ദേഹത്തിന്റെ വസതിയിൽ പോയപ്പോൾ സഹായി ബൈഭവ് കുമാർ തന്നെ ആക്രമിച്ചെന്നാണ് മലിവാളിന്റെ പരാതി. എന്നാൽ, പരാതി വ്യാജമാണെന്നും സംഭവത്തിന് പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്നുമാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News