വികസനത്തിലൂടെ നരേന്ദ്രമോദി ഇന്ത്യയെ സ്വയം പര്യാപ്തമാക്കി: യോഗി ആദിത്യനാഥ്

'ഗരീബി ഹഠാവോ' പോലുള്ള വലിയ മുദ്രാവാക്യങ്ങൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനായില്ലെന്ന് യോഗി

Update: 2022-06-02 04:10 GMT
Editor : afsal137 | By : Web Desk
Advertising

ലഖ്‌നൗ: നരേന്ദ്രമോദി മോദി സർക്കാരിന്റെ എട്ടു വർഷത്തെ ഭരണത്തെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനത്തിലൂടെ മോദി സർക്കാർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കിയെന്നും ജനജീവിതത്തിൽ അദ്ദേഹം നല്ല മാറ്റം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബിജെപി ആസ്ഥാനത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മോദി സർക്കാരിനെ പ്രശംസിച്ച യു.പി മുഖ്യമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിൽ തുറന്നടിച്ചു. യു.പി.എ സർക്കാരിന്റെ കാലത്ത് അഴിമതിയും ഭീകരാക്രമണങ്ങളും അരങ്ങുവാഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ഗരീബി ഹഠാവോ' പോലുള്ള വലിയ മുദ്രാവാക്യങ്ങൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനായില്ലെന്നും 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന പ്രത്യയശാസ്ത്ര മന്ത്രം പ്രധാനമന്ത്രി മോദി വിഭാവനം ചെയ്തതുപോലെ രാജ്യത്തെ സ്വയംപര്യാപ്തമാക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

'സേവ, സുരക്ഷ, സുശാസൻ ഔർ ഗരീബ് കല്യാൺ' (സേവനം, സുരക്ഷ, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം) എന്ന മന്ത്രത്തിൽ ഉറച്ചു വിശ്വസിച്ച് പ്രവർത്തിച്ചതുകൊണ്ട് കഴിഞ്ഞ എട്ട് വർഷംകൊണ്ട് അഭൂതപൂർവമായ നേട്ടങ്ങൾ ബിജെപി സർക്കാർ രാജ്യത്ത് അടയാളപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, യുവാക്കൾക്ക് തൊഴിൽ നൽകുക, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കേന്ദ്രവുമായി തോളോട് തോൾ ചേർന്നാണ് തന്റെ സർക്കാർ പ്രവർത്തിച്ചതെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു.

ജൻധൻ അക്കൗണ്ടുകൾ, ആധാർ, മൊബൈൽ സാങ്കേതികവിദ്യ എന്നിവയുടെ സംയോജനം രാജ്യത്ത് വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടതായും യോഗി വ്യക്തമാക്കി. ഗവൺമെന്റ് ഇ-മാർക്കറ്റ് (ജിഇഎം) പോർട്ടലും ഏറ്റവും സുതാര്യത ഉറപ്പാക്കി. ഇത് വിപ്ലവകരമായ ചുവടുവയ്പ്പാണ്. ബിജെപി സർക്കാർ പൊതുജനക്ഷേമ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കിയെന്നും തന്റെ മുഴുനീള പ്രസംഗത്തിൽ യോഗി പരാമർശിച്ചു. പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് അഭിയാൻ, ഉജ്ജ്വല, ആയുഷ്മാൻ, അമൃത് പദ്ധതി, സൗഭാഗ്യ, ഹർഘർ നൽ പദ്ധതി തുടങ്ങിയ പദ്ധതികൾ ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നതായും യുപി മുഖ്യമന്ത്രി പറഞ്ഞു.

''കർഷകർക്ക് നഷ്ടപരിഹാരം നൽകുകയെന്ന ലക്ഷ്യം കൈവരിക്കാനും ബിജെപി സർക്കാരിന് സാധിച്ചിട്ടുണ്ട്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കർഷകരുടെ ജീവിതത്തിൽ വലിയമാറ്റങ്ങൾ കൊണ്ടുവന്നു. വിവിധ പദ്ധതികളിലൂടെ കർഷകർക്ക് സർക്കാർ പരിരക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ജിഎസ്ടി, വാറ്റ് എന്നിവയിലൂടെ സർക്കാരിന്റെ വരുമാനം ഇരട്ടിയാക്കാൻ സാധിച്ചു''- യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News