'നോണ്‍-ബയോളജിക്കല്‍ പ്രധാനമന്ത്രി ബഹിരാകാശത്ത് പോകുംമുന്‍പ് മണിപ്പൂരില്‍ പോകണം'; മോദിയെ പരിഹസിച്ച് ജയറാം രമേശ്
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനില്‍ മോദിയെയും അയയ്ക്കാമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു
ന്യൂഡല്‍ഹി: ബഹിരാകാശ യാത്രാ വാര്‍ത്തകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മോദി ബഹിരാകാശത്തേക്കു പോകും മുന്‍പ് മണിപ്പൂരിലൊന്ന് പോകണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനില്‍ മോദിയെയും അയയ്ക്കാമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. തന്നെ ദൈവം നേരിട്ട് അയച്ചതാണെന്നും ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്നുമുള്ള മോദിയുടെ അവകാശവാദം കടമെടുത്തായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ പരിഹസിച്ചത്. നോണ്‍ ബയോളജിക്കല്‍ പ്രധാനമന്ത്രി ബഹിരാകാശത്ത് പോകുംമുന്‍പ് ഒന്ന് മണിപ്പൂരിലും പോകണമെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
ലോക്‌സഭയില്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം മോദിയെ കടന്നാക്രമിച്ചിരുന്നു. മണിപ്പൂര്‍ മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഇന്ത്യയുടെ ഭാഗമല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയുടെ സംസ്ഥാനമല്ലാത്ത പോലെയാണ് ഇവര്‍ പെരുമാറുന്നത്. മണിപ്പൂരിലെ ബി.ജെ.പി ആഭ്യന്തരയുദ്ധത്തിലേക്കും തീയിലേക്കും തള്ളിയിട്ടു. ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും മോദി ഇതുവരെയും മണിപ്പൂരിലേക്കു തിരിഞ്ഞുനോക്കിയില്ലെന്നും രാഹുല്‍ പ്രതിപക്ഷ നേതാവായുള്ള കന്നിപ്രസംഗത്തില്‍ ആഞ്ഞടിച്ചു.
മോദിയുടെ മറുപടി പ്രസംഗവും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. മോദി പ്രസംഗിക്കാന്‍ എണീറ്റതുതൊട്ട് അവസാനിപ്പിക്കും വരെ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി മുദ്രാവാക്യം വിളികളുയര്‍ത്തുകയായിരുന്നു പ്രതിപക്ഷ എം.പിമാര്‍. ഒടുവില്‍, മണിപ്പൂരില്‍ സംഘര്‍ഷം തടയാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നു രാജ്യസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ പ്രതികരിച്ചു മോദി. 11,000ത്തിലേറെ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 500ലേറെ പേരെ അറസ്റ്റ് ചെയ്തുമെന്നുമായിരുന്നു ഇതിനു ന്യായമായി മോദി പറഞ്ഞത്.
Summary: 'Non-biological PM Narendra Modi should go to Manipur before going into space’: Congress leader Jairam Ramesh