'എഴുതിവച്ചോളൂ: മോദി ഇനി പ്രധാനമന്ത്രിയാകില്ല'-രാഹുല്‍ ഗാന്ധി
''മോദി സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. മോദിക്ക് 22 ശതകോടീശ്വരന്മാരെയാണ് ഉണ്ടാക്കാനായതെങ്കിൽ, നമ്മൾ അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ ഉണ്ടാക്കും''
ലഖ്‌നൗ: എഴുതിവച്ചോളൂ, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്ന് രാഹുൽ ഗാന്ധി. കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ ആയിരക്കണക്കിനു പ്രസംഗങ്ങളിൽ അദാനിയെയും അംബാനിയെയും കുറിച്ച് ഒരക്ഷരം മിണ്ടാത്തയാളാണ് മോദി. ഇപ്പോൾ അവരുടെ പേര് വിളിച്ചുപറഞ്ഞ് തന്നെ രക്ഷിക്കാൻ ആവശ്യപ്പെടുകയാണ് അദ്ദേഹമെന്നും രാഹുൽ കുറ്റപ്പെടുത്തി.
യു.പിയിലെ കനൗജിൽ അഖിലേഷ് യാദവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഇൻഡ്യ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ''കഴിഞ്ഞ രണ്ടു വർഷമായി ചെയ്യേണ്ടതെല്ലാം ഞാനും അഖിലേഷും ചെയ്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും ഇൻഡ്യ സഖ്യ യോഗങ്ങളും വിദ്വേഷത്തിനിടയിലെ സ്‌നേഹപ്രസരണവുമെല്ലാം. ഇത് എഴുതിവച്ചോളൂ.. നരേന്ദ്ര മോദി ഇനിയും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല''-അദ്ദേഹം പറഞ്ഞു.
മോദി നടത്തിയ അദാനി-അംബാനി പരാമർശത്തെ കുറിച്ചും രാഹുൽ സംസാരിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ ആയിരക്കണക്കിനു പ്രസംഗങ്ങളിൽ അദാനിയെയും അംബാനിയെയും കുറിച്ച് ഒരക്ഷരം പറയാത്തയാളാണ് നരേന്ദ്ര മോദി. ചിലർ ഭയത്തിലാകുമ്പോൾ തങ്ങളെ രക്ഷിക്കുമെന്നു വിശ്വസിക്കുന്നവരുടെ പേരുകൾ വിളിച്ചുപറയാറില്ലേ.. അതുപോലെയാണ് മോദി ഇപ്പോൾ അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളുടെ പേരുകൾ വിളിച്ചുപറയുന്നത്. രണ്ടുപേരോടും തന്നെ രക്ഷിക്കണേയെന്ന് അപേക്ഷിക്കുകയാണ് മോദിയെന്നും രാഹുൽ പരിഹസിച്ചു.
മോദി സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. അദ്ദേഹത്തിന് 22 ശതകോടീശ്വരന്മാരെയാണ് ഉണ്ടാക്കാൻ കഴിഞ്ഞതെങ്കിൽ, നമ്മൾ അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ ഉണ്ടാക്കണമെന്ന് കോൺഗ്രസും ഇൻഡ്യ സഖ്യവും തീരുമാനിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Summary: