സ്റ്റാലിന്റെ ഡി.എം.കെ ജയലളിതയെ അപമാനിച്ചു: നരേന്ദ്ര മോദി
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയും കോണ്‍ഗ്രസും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് പ്രധാന മന്ത്രി ആരോപിച്ചു
കന്യാകുമാരി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ഭരണകക്ഷിയായ ഡി.എം.കെ പ്രവര്‍ത്തകര്‍ അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. കന്യാകുമാരിയില്‍ നടന്ന റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയും കോണ്‍ഗ്രസും സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
'ഡി.എം.കെ.യുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ക്ക് സ്ത്രീകളെ ചതിക്കാനും അപമാനിക്കാനും മാത്രമേ അറിയൂ. മുന്‍ മുഖ്യമന്ത്രി ജയലളിതയോട് ഡി.എം.കെ പ്രവര്‍ത്തകര്‍ എങ്ങനെ പെരുമാറിയെന്ന് തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. സ്ത്രീകളുടെ പേരില്‍ അവര്‍ രാഷ്ട്രീയം കളിക്കുകയാണ്. ഞങ്ങള്‍ വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതനെ ഡി.എം.കെ ചോദ്യം ചെയ്തു'. അദ്ദേഹം പറഞ്ഞു.
'തമിഴ്നാടിന്റെ ഭാവിയുടെയും സംസ്‌കാരത്തിന്റെയും ശത്രുവാണ് ഡി.എം.കെ, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ സംപ്രേക്ഷണം തടയാന്‍ ഡി.എം.കെ ശ്രമിച്ചു. ഈ വിഷയത്തില്‍ സുപ്രീം കോടതി തമിഴ്നാട് സര്‍ക്കാരിന് താക്കീത് നലകി. പുതിയ പാര്‍ലമെന്റില്‍ സെന്‍ഗോള്‍ സ്ഥാപിച്ചത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെ ജമ്മു കശ്മീരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങളും അത് ചെയ്യാന്‍ പോകുന്നു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം ഡി.എം.കെയുടെയും ഇന്ത്യാ സഖ്യത്തിന്റെയും ധാര്‍ഷ്ട്യത്തെ തകര്‍ക്കും. ജില്ലയ്ക്ക് വേണ്ടിയുള്ള നിരവധി പദ്ധതികള്‍ കേന്ദ്രം കൊണ്ടുവരുമെന്നും'പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം അഴിമതിക്കാരാണ് അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ ഭാഗത്ത് വികസന സംരംഭങ്ങളാണ് അഴിമതികള്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗത്തുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡി.എം.കെയും കോണ്‍ഗ്രസും അധികാരത്തില്‍ വന്നാല്‍ ജനങ്ങളെ കൊള്ളയടിക്കും. 2ജി അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഡി.എം.കെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.