അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്‍റെയും യങ് ഇന്ത്യയുടെയും 751 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി
ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ സ്ഥിരാസ്തികൾ ഉൾപ്പെടെയുള്ളവയും ഓഹരികളും കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു
ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്‍റെയും യങ് ഇന്ത്യയുടെയും 751 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ സ്ഥിരാസ്തികൾ ഉൾപ്പെടെയുള്ളവയും ഓഹരികളും കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു. ഇഡി നടപടിക്ക് എതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് 751.9 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി തീരുമാനിച്ചത്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്‍റെ ഉടമസ്ഥതയിൽ ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 661.69 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് ഇ.ഡി കണ്ടു കെട്ടിയത്. കള്ളപ്പണം വെളുപ്പിക്കലിലൂടെ യംഗ് ഇന്ത്യൻ സമാഹരിച്ചെന്ന് ഇ.ഡി ആരോപിക്കുന്ന 90.21 കോടി രൂപ ഓഹരി നിക്ഷേപം നടത്തിയെന്നും ഇ.ഡി വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. ഇഡി നടപടിയെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകനും രാജ്യസഭാ അംഗവുമായ കപിൽ സിബൽ രംഗത്തെത്തി. കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് പകരം ഓഹരി ഉടമകളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ശരിയല്ലെന്ന് കപിൽ സിബൽ ആരോപിച്ചു.
ഇ.ഡി കേസുകളിൽ പ്രതിയാക്കപ്പെട്ട ബി.ജെ.പി നേതാക്കളുടെ സ്വത്തുക്കൾ എന്തുകൊണ്ട് കണ്ടുകെട്ടുന്നില്ലെന്ന് എന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ഇ.ഡി നടപടിയെ ന്യായീകരിച്ച് ബി.ജെ.പിയും രംഗത്ത് എത്തിയിട്ടുണ്ട്. സ്വാതന്ത്ര്യ സമര പോരാട്ടത്തിൻ്റെ ഭാഗമായ സ്ഥാപനത്തെ സ്വന്തമാക്കാൻ ആണ് നെഹ്രു കുടുംബം ശ്രമിച്ചത് എന്നും ഇ.ഡി നടപടിയെ സ്വാഗതം ചെയ്യുന്നതായും ബി.ജെ.പി പ്രതികരിച്ചു.