നാഷണല്‍ ഹെറാള്‍ഡ് കേസ്; ജൂലൈ അവസാനം ഹാജരാകാൻ സോണിയ ഗാന്ധിയോട് ഇഡി
കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സോണിയ ഗാന്ധി ഇ ഡിയെ അറിയിച്ചിരുന്നു
ഡല്‍ഹി: നാഷണല്‍ ഹെറാൾഡ് കേസില്‍ ജൂലൈ അവസാനം ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിയോട് ഇഡി. കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സോണിയ ഗാന്ധി ഇ ഡിയെ അറിയിച്ചിരുന്നു.
കേസില്‍ 5 ദിവസങ്ങളിലായി 54 മണിക്കൂറാണ് ഇ.ഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. അതേസമയം ഇ.ഡി നടപടിക്കെതിരെ പ്രതിഷേധം തുടരാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി നിർദേശത്തെ തുടർന്ന് നേതാക്കളും എം.എൽ.എമാരും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
കോവിഡാനന്തര അസുഖങ്ങളുടെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വിശ്രമത്തിലാണ് സോണിയാ ഗാന്ധി. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാൽ സോണിയക്ക് ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു.
ഇന്നലെ രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്തു രണ്ട് മണിക്കൂർ പിന്നിട്ടപ്പോള്‍ എഐസിസി ആസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മാർച്ച് ആരംഭിച്ചു. മാർച്ച് തുടങ്ങുന്നതിനു മുൻപേ ബാരിക്കേഡ് സ്ഥാപിച്ചു പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചിരുന്നു. പൊലീസ് വലയം ഭേദിച്ചു മുന്നോട്ട് പോയ എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തു.