ഇ.വൈ കമ്പനിയിലെ മലയാളി ജീവനക്കാരിയുടെ മരണം: കേന്ദ്രത്തോട് വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

ഓരോ തൊഴിലുടമയ്ക്കും അവരുടെ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.

Update: 2024-09-22 11:49 GMT
Advertising

ന്യൂഡൽഹി: പൂനെയിലെ ഇ.വൈ ബഹുരാഷ്ട്ര കമ്പനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കേന്ദ്ര തൊഴിൽ മന്ത്രാലയത്തോടാണ് കമ്മീഷൻ വിശദമായ പ്രതികരണം തേടിയത്. കൊച്ചി സ്വദേശിനിയായ 26കാരി അന്ന സെബാസ്റ്റ്യൻ ജൂലൈ 21നാണ് കുഴഞ്ഞുവീണ് മരിച്ചത്. അമിത ജോലിഭാരവും സമ്മർദവും വിശ്രമമില്ലായ്മയും മൂലമാണ് അന്ന മരിച്ചതെന്ന് കുടുംബം പറഞ്ഞിരുന്നു.

കേസിൽ നടക്കുന്ന അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടെ സമഗ്രമായ റിപ്പോർട്ട് നൽകാനാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ സ്ഥിരീകരിച്ചു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ മനുഷ്യാവകാശ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തി.

അന്നയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുവജനങ്ങൾക്കു മേൽ കോർപ്പറേറ്റ് തൊഴിൽ സംസ്കാരം ചുമത്തുന്ന മാനസിക- ശാരീരിക ആഘാതവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി കമ്മീഷൻ വ്യക്തമാക്കി. പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, അമിത ജോലിഭാരം തുടങ്ങിയവ അവരുടെ മനുഷ്യാവകാശങ്ങളുടെ ഗുരുതര ലംഘനങ്ങളിലേക്ക് നയിക്കുന്നതായും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.

ജോലിസ്ഥലത്തെ സുരക്ഷയുമായി ബന്ധപ്പെട്ട് വർധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ 'ബിസിനസ്, ഹ്യൂമൻ റൈറ്റ്‌സ് ഓൺ കോർ ഗ്രൂപ്പ്' എന്ന സംവിധാനത്തിന് കമ്മീഷൻ രൂപം നൽകുകയും ചെയ്തു. നിലവിലെ തൊഴിൽ നിയമങ്ങളും നിയന്ത്രണങ്ങളും ഇത് അവലോകനം ചെയ്യും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമായ ശിപാർശകൾ നൽകുക, ഇന്ത്യയിലെ ബിസിനസുകൾ ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ ജോലികളെ വിന്യസിക്കുന്നുവെന്നും ആരോഗ്യകരവും മാനുഷികവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഉറപ്പാക്കുക എന്നിവയാണ് സംവിധാനത്തിന്റെ ലക്ഷ്യം.

'ഓരോ തൊഴിലുടമയ്ക്കും അവരുടെ ജീവനക്കാർക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനുള്ള ഉത്തരവാദിത്തമുണ്ട്. മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതിന് ബിസിനസ് സ്ഥാപനങ്ങൾ പതിവായി അവരുടെ തൊഴിൽ നയങ്ങൾ പരിഷ്കരിക്കേണ്ടത് പ്രധാനമാണ്'- കമ്മീഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഹൃദയാഘാതം മൂലമുള്ള അന്നയുടെ മരണത്തിനു കാരണം കടുത്ത ജോലിഭാരവും സമ്മർദം നിറഞ്ഞ തൊഴിൽ അന്തരീക്ഷവുമാണെന്ന് കുടുംബം പറഞ്ഞിരുന്നു. 'ഇത്രയും ടെൻഷനിലും സമ്മർദത്തിലും ജോലി ചെയ്യാൻ കഴിയില്ലെന്ന് അവൾ ഫോണിലൂടെ കരഞ്ഞുപറയുമായിരുന്നു. അവളോട് ജോലി രാജിവച്ച് മടങ്ങിവരാൻ ഞങ്ങൾ പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ, ജൂലൈ 21ന് അവൾ മുറിയിൽ കുഴഞ്ഞു വീണു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചു'- പിതാവ് സിബി ജോസഫ് പറഞ്ഞു.

അന്നയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ പറഞ്ഞിരുന്നു. 12 ദിവസം മുമ്പ് അന്നയുടെ അമ്മ കമ്പനി ചെയർമാനയച്ച കത്ത് പുറത്തുവന്നതോടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമായത്. തൊഴിൽ സമ്മർദത്തെ തുടർന്നാണ് അന്നയുടെ മരണമെന്ന് കുടുംബം കത്തിൽ ആരോപിച്ചു. ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും കുടുംബം കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

രാത്രി വളരെ വൈകിയും ഓഡിറ്റ് അടക്കമുള്ള ജോലികൾ ഉണ്ടായിരുന്നു. ഷെഡ്യൂൾ ചെയ്തതിനുമപ്പുറം ജോലി ചെയ്യേണ്ടിവന്നു. ഉറക്കമൊഴിച്ചും ജോലി ചെയ്യേണ്ടിവന്നെന്നും ഇതൊക്കെയാണ് മകളുടെ മരണത്തിനു കാരണമായതെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, മെയിൽ കഴിഞ്ഞദിവസമാണ് കണ്ടതെന്നും നടപടിയുണ്ടാവുമെന്ന് ചെയർമാൻ പറഞ്ഞതായും കുടുംബം പറഞ്ഞിരുന്നു.

മകളുടെ മരണാനന്തര ചടങ്ങിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. ഇനിയിത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും അതിനുവേണ്ടിയാണ് തങ്ങളിപ്പോൾ ഈ വിവരം പുറത്തുവിട്ടതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് അന്ന ഇ.വൈ കമ്പനിയിൽ ജോലിക്ക് കയറിയത്. ഏറെ ഉത്സാഹത്തിലും സന്തോഷത്തിലും ജോലി ചെയ്തിരുന്ന അന്നയ്ക്ക് പിന്നീടങ്ങോട്ട് ജോലിഭാരം കൂടുകയായിരുന്നെന്നും കുടുംബം വിശദമാക്കി.


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News