നീതിയുടെ വെളിച്ചം തെളിയാൻ... ഗുസ്‌തി താരങ്ങൾക് പിന്തുണ, നാളെ മെഴുകുതിരി കത്തിച്ച് രാജ്യവ്യാപക പ്രതിഷേധം

ഡൽഹി പൊലീസ് ഗുസ്തി താരങ്ങളെ പീഡിപ്പിക്കുകയാണെന്നും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതിനു പകരം അവർ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ചണ്ഡീഗഡ് കോൺഗ്രസ് പ്രസിഡന്റ് എച്ച്എസ് ലക്കി പറഞ്ഞു

Update: 2023-05-06 13:46 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ലൈംഗികാരോപണ പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം. മുഴുവൻ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ കായികതാരങ്ങൾ അഭ്യർത്ഥിച്ചു. 

ഇതിനിടെ ചണ്ഡീഗഡ് ഐഎൻടിയുസിയുടെയും കിസാൻ യൂണിയന്റെയും അംഗങ്ങൾ ഗുസ്തിക്കാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരി മാർച്ച് നടത്തി. ഡൽഹി പൊലീസ് ഗുസ്തി താരങ്ങളെ പീഡിപ്പിക്കുകയാണെന്നും ബ്രിജ് ഭൂഷൺ ഭൂഷണെ അറസ്റ്റ് ചെയ്യുന്നതിനു പകരം അവർ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും മാർച്ചിൽ പങ്കെടുത്ത ചണ്ഡീഗഡ് കോൺഗ്രസ് പ്രസിഡന്റ് എച്ച്എസ് ലക്കി പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ വനിതാ താരങ്ങളുടെ ആരോപണങ്ങൾ നമ്മുടെ പെൺമക്കൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

കർഷക സമരം പോലെ തന്നെ ഈ സമരവും ദീർഘനാൾ മുന്നോട്ട് പോകുമെന്ന് ചണ്ഡീഗഡ് ഐഎൻടിയുസി പ്രസിഡന്റ് നസീബ് ജാഖറും കിസാൻ യൂണിയൻ പ്രസിഡന്റ് കുൽദീപ് കുണ്ടുവും പറഞ്ഞു. തങ്ങളുടെ മെഡലുകൾ സർക്കാരിന് തിരിച്ചുനൽകുന്നതിനെക്കുറിച്ച് താരങ്ങൾ സംസാരിച്ചത് ബിജെപിക്ക് നാണക്കേടാണെന്നും അവർ വിമർശിച്ചു.

അതേസമയം, ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് ഗുസ്തി താരങ്ങൾ മൊഴി നൽകി. പ്രായപൂർത്തിയാകാത്ത രണ്ട് താരങ്ങൾ അടക്കം നാലുപേരാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയത്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ മാറിടത്തിലും വയറിലും സ്പർശിച്ചെന്നാണ് മൊഴി. സമാനമായ രീതിയിൽ ഓഫീസ് ഉൾപ്പെടെ എട്ടിടങ്ങളിൽ ബ്രിജ്ഭൂഷൺ പെരുമാറിയെന്ന് മൊഴിയിൽ പറയുന്നു. ഇത് തങ്ങൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിലുണ്ട്.

ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 14-ാം ദിവസവും തുടരുകയാണ്. വലിയ പ്രതിഷേധമുയർന്നിട്ടും ബ്രിജ്ഭൂഷണെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ, സാമൂഹികരംഗത്തെ നിരവധിപേരാണ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തുന്നത്. സി.പി.ഐ ജനറൽ സെക്രട്ടറി എ. രാജ ഇന്ന് ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ എത്തിയിരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News