'മനോഹരം, അതിമനോഹരം'; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മർദിക്കുന്ന വീഡിയോ പങ്കുവെച്ച് മുൻ കേരള ഡിജിപി
പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ നുപുർ ശർമയേയോ നവീൻ ജിൻഡാലിനെയോ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.
ന്യൂഡൽഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ മനോഹരമെന്ന് വിശേഷിപ്പിച്ച് മുൻ കേരള ഡിജിപി എൻ.സി അസ്താന. കസ്റ്റഡിയിലെടുത്ത ഏതാനും യുവാക്കളെ രണ്ട് പൊലീസുകാർ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പങ്കുവെച്ചാണ് അസ്താനയുടെ വിശേഷണം. 1986 ബാച്ച് കേരള ബാച്ച് ഐപിഎസ് ഓഫീസറാണ് നിർമൽ ചന്ദ്ര അസ്താന.
വളരെ മനോഹരമായ രംഗം! മനോഹരം, വളരെ മനോഹരം ! - അസ്താന ട്വീറ്റ് ചെയ്തു.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മർദിക്കുന്ന മറ്റു നിരവധി ഫോട്ടോകളും വീഡിയോകളും അസ്താന ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പൊലീസിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ലാത്തിയടിയേറ്റ് ആളുകൾ ഓടുന്ന ചിത്രങ്ങൾ ഇത് പൊലീസ് ലാത്തികൊണ്ട് ഡാൻസ് ചെയ്യിപ്പിക്കുന്നതാണെന്ന വിശേഷണത്തോടെയാണ് അസ്താന ട്വീറ്റ് ചെയ്തിരിക്കുന്നത്.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ നൂറുകണക്കിന് ആളുകളെയാണ് രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തത്. ഇരുനൂറിലധികം ആളുകളാണ് യു.പിയിൽ മാത്രം അറസ്റ്റിലായത്. പ്രതിഷേധക്കാരെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്താനുള്ള നിർദേശവും പൊലീസിന് നൽകിയതായാണ് വിവരം. അനധികൃത കയ്യേറ്റങ്ങളെന്ന് ആരോപിച്ചാണ് ഇടിച്ചുനിരത്തൽ.