'എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പരിഷ്‌ക്കരണം കേന്ദ്ര സർക്കാർ അജണ്ടയുടെ ഭാഗം'; വിമർശനവുമായി 250 ചരിത്രകാരന്മാർ

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ അനിത രാംപാൽ, എഴുത്തുകാരൻ ബദ്രി റെയ്‌ന, ചരിത്രകാരൻ ഇർഫാൻ ഹബീബ് അടക്കമുള്ള പ്രമുഖരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്

Update: 2023-04-09 08:31 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഗാന്ധിവധം, മുഗൾ ചരിത്രം, ഗുജറാത്ത് കലാപം അടക്കം നീക്കംചെയ്ത എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിൽ ആശങ്ക രേഖപ്പെടുത്തി ചരിത്രകാരന്മാരുടെയും അക്കാദമിക പണ്ഡിതരുടെയും കൂട്ടായ്മ. ഇന്ത്യൻ ജനതയുടെ ചരിത്രം ഹിന്ദു പാരമ്പര്യത്തിന്റെ ഭാഗമാക്കി തിരുത്തിയെഴുതാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ചരിത്രപുസ്തകത്തിലെ തിരുത്തലുകളെന്ന് രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാരും അധ്യാപകരും ഉള്‍പ്പെടെ 250 പേര്‍ പ്രസ്താവനയിൽ വിമർശിച്ചു.

ഡൽഹി സർവകലാശാല മുൻ പ്രൊഫസർ അനിത രാംപാൽ, എഴുത്തുകാരൻ ബദ്രി റെയ്‌ന, ചരിത്രകാരൻ ഇർഫാൻ ഹബീബ് അടക്കമുള്ള പ്രമുഖരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്. പാഠഭാഗങ്ങള്‍ തിരുത്തിയ നടപടി പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ സാമൂഹികശാസ്ത്രം, ചരിത്രം, പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിലാണ് വൻ തിരുത്തൽ വരുത്തിയിരിക്കുന്നത്. മുഗൾ ചരിത്രവും ഗുജറാത്ത് കലാപത്തെക്കുറിച്ചും അടിയന്തരാവസ്ഥയെക്കുറിച്ചുമുള്ള പാഠഭാഗങ്ങളെല്ലാം നീക്കംചെയ്യപ്പെട്ടവയിൽ ഉൾപ്പെടും. ദലിത് എഴുത്തുകാരെക്കുറിച്ചുള്ള ഭാഗങ്ങളും ജനാധിപത്യ സമരങ്ങളും നക്‌സലൈറ്റ് പ്രസ്ഥാനവുമെല്ലാം വെട്ടിയ കൂട്ടത്തിലുണ്ട്.

കോവിഡിനെ തുടർന്നുള്ള ലോക്ഡൗണിന്റെ മറവിലാണ് പാഠ്യപദ്ധതിയിലെ തിരുത്തലുകൾ നടന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ചരിത്രകാരന്മാരും അധ്യാപകരും ഉൾപ്പെടെ പാഠപുസ്തകങ്ങൾ തയാറാക്കിയവരുമായി വിഷയം ചർച്ച ചെയ്തില്ല. നിലവിലെ കേന്ദ്ര സർക്കാരിന്റെ വിശാലമായ അജണ്ടകളുടെ ഭാഗമാണ് എൻ.സി.ഇ.ആർ.ടിയിലെ തിരുത്തലുകളെന്നും പ്രസ്താവനയിൽ ആരോപിച്ചു.

Summary: 250 academics, historians demand deletions in NCERT textbooks be withdrawn

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News