'ഞാൻ എൻ.സി.പിക്കൊപ്പം': ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം തള്ളി അജിത് പവാര്‍

നരേന്ദ്ര മോദിയെ പ്രശംസിച്ചതിനു പിന്നാലെയാണ് അജിത് പവാറിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പരന്നത്

Update: 2023-04-18 09:43 GMT

Ajit Pawar 

Advertising

മുംബൈ: എന്‍.സി.പിക്കൊപ്പം തുടരുമെന്ന് അജിത് പവാര്‍. ബി.ജെ.പിയിലേക്കെന്ന അഭ്യൂഹം അജിത് പവാര്‍ തള്ളി. മാധ്യമങ്ങള്‍ ഒരു കാരണവുമില്ലാതെ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും അജിത് പവാര്‍ കുറ്റപ്പെടുത്തി.

"അഭ്യൂഹങ്ങളില്‍ ഒരു സത്യവുമില്ല. ഞാൻ എൻ.സി.പിയോടൊപ്പമാണ്. ഞാൻ എൻ.സി.പിയിൽ തന്നെ തുടരും"- അജിത് പവാര്‍ വ്യക്തമാക്കി.

കിംവദന്തികള്‍ കാരണം എൻ.സി.പി പ്രവർത്തകർ ആശയക്കുഴപ്പത്തിലായി. അവരോട് പറയാനുള്ളത് ആശങ്കപ്പെടേണ്ട എന്നാണ്. ശരദ് പവാറിന്റെ നേതൃത്വത്തിലാണ് എൻ.സി.പി രൂപീകരിക്കപ്പെട്ടത്. എൻ.സി.പി അധികാരത്തിലും പ്രതിപക്ഷത്തുമായിരുന്ന സമയമുണ്ടെന്നും അജിത് പവാര്‍ പറഞ്ഞു.

അജിത് പവാറിനൊപ്പം എന്‍.സി.പിയിലെ ഒരുവിഭാഗം എം.എല്‍.എമാര്‍ ബി.ജെ.പി സഖ്യത്തിലെത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിക്കളഞ്ഞിരുന്നു- "റിപ്പോർട്ടുകളിൽ സത്യമില്ല. അജിത് പവാർ ഒരു യോഗവും വിളിച്ചിട്ടില്ല. അദ്ദേഹം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു".

മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിലെ 25,000 കോടിയുടെ വായ്പാതട്ടിപ്പു കേസിലെ കുറ്റപത്രത്തില്‍ അജിത് പവാറിന്‍റെയും ഭാര്യയുടെയും പേര് ഒഴിവാക്കിയിരുന്നു. ഇതോടെയാണ് അജിത് പവാര്‍ ബി.ജെ.പിയോട് അടുക്കുകയാണെന്ന അഭ്യൂഹം പരന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദത്തെ കുറിച്ച് അജിത് പവാര്‍ പ്രതികരിച്ചതിങ്ങനെ- "വിദ്യാഭ്യാസ യോഗ്യതയ്ക്ക് രാഷ്ട്രീയത്തിൽ വലിയ പ്രസക്തിയില്ല. മോദിക്കു കീഴിലാണ് 2014ൽ ബി.ജെ.പി അധികാരം പിടിക്കുന്നതും രാജ്യത്തെ കുഗ്രാമങ്ങളിലേക്കടക്കം വ്യാപിക്കുന്നതും".

ഇ.വി.എമ്മിൽ കൃത്രിമം നടത്തിയാണ് ബി.ജെ.പി വിജയിക്കുന്നതെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മുഖപത്രം 'സാംന'യിലെ മുഖപ്രസംഗത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു- "ഇ.വി.എമ്മിൽ എനിക്കു വിശ്വാസമുണ്ട്. ഒറ്റൊരാൾക്ക് ഇ.വി.എമ്മിൽ കൃത്രിമം കാണിക്കാനാകില്ല. അതൊരു വലിയ സംവിധാനമാണ്. എന്നാൽ, തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പാർട്ടി വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലം ജനവിധിയാണെന്ന് മനസ്സിലാക്കണം".

Summary- Nationalist Congress Party (NCP) leader Ajit Pawar today denied that he was planning to move to the BJP with his supporters, accusing the media of spreading rumours without any reason.





Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News