നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൻ.സി.പി

എൻ.സി.പി തലവൻ ശരദ് പവാറാണ് നെഫ്യു റിയോ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചത്

Update: 2023-03-09 15:42 GMT
Editor : Shaheer | By : Web Desk
Advertising

കൊഹിമ: നെഫ്യു റിയോ നയിക്കുന്ന പുതിയ നാഗാലാൻഡ് സർക്കാരിന് പിന്തുണയുമായി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി(എൻ.സി.പി). ബി.ജെ.പി ഉൾപ്പെടുന്ന എൻ.ഡി.പി.പി മുന്നണിക്കാണ് എൻ.സി.പി പിന്തുണ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ത്രിപുര, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം നാഗാലാൻഡിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. മാർച്ച് രണ്ടിനു ഫലം പ്രഖ്യാപിച്ചപ്പോൾ 37 സീറ്റ് നേടിയാണ് എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം ഭരണം പിടിച്ചത്. ആകെ 60 അംഗ സഭയിൽ എൻ.ഡി.പി.പിക്ക് 25 സീറ്റ് ലഭിച്ചപ്പോൾ ബി.ജെ.പി 12 ഇടത്തും ജയിച്ചു. എൻ.സി.പിയുടെ പിന്തുണ കൂടി ലഭിച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം 45 ആയി.

എൻ.സി.പി തലവൻ ശരദ് പവാറാണ് എൻ.ഡി.പി.പി സർക്കാരിനു പിന്തുണ നൽകുന്ന പ്രഖ്യാപനം നടത്തിയത്. എന്നാൽ, ബി.ജെ.പിക്കല്ല, എൻ.ഡി.പി.പിക്കു മാത്രമാണ് പിന്തുണയെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനുമുൻപ് തന്നെ എൻ.ഡി.പി.പിക്ക് പാർട്ടി പിന്തുണ പ്രഖ്യാപിച്ചതാണെന്നും പവാർ സൂചിപ്പിച്ചു.

എൻ.സി.പി കൂടി സർക്കാരിന്റെ ഭാഗമാകാൻ തീരുമാനിച്ചതോടെ നാഗാലൻഡിൽ പ്രതിപക്ഷമില്ലാതാകും. നേരത്തെ, എൻ.സി.പി മുഖ്യ പ്രതിപക്ഷ പാർട്ടിയാകുമെന്നാണ് കരുതപ്പെട്ടിരുന്നത്. മുഖ്യ പ്രതിപക്ഷ സ്ഥാനത്ത് തുടരണോ, സർക്കാരിന്റെ ഭാഗമാകണോ എന്ന കാര്യം പാർട്ടി എം.എൽ.എമാരും പാർട്ടി നാഗാലാൻഡ് ഘടകവും ചർച്ച ചെയ്‌തെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് നരേന്ദ്ര വർമ പറഞ്ഞു. സംസ്ഥാനത്തിന്റെ വിശാലതാൽപര്യവും മുഖ്യമന്ത്രി എൻ. റിയോയുമായുള്ള ബന്ധവും മുൻനിർത്തി സർക്കാരിന്റെ ഭാഗമാകാനാണ് നേതാക്കളെല്ലാം തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

Summary: NCP extends support to NDPP-BJP government in Nagaland

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News