ബിഹാറിൽ എൻ.ഡി.എ മുന്നിൽ; ലീഡ് ചെയ്ത് താരിഖ് അൻവർ

നാലിടങ്ങളിലാണ് ഇൻഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

Update: 2024-06-04 05:35 GMT
Advertising

പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ എൻ.ഡി.എ മുന്നിൽ. 40 സീറ്റുകളിൽ നിലവിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 36 സീറ്റുകളിൽ മുന്നിലാണ്.

നാലിടങ്ങളിലാണ് ഇൻഡ്യ സഖ്യം മുന്നിട്ടുനിൽക്കുന്നത്. കട്ടിഹാറിൽ കോൺഗ്രസ് സ്ഥാനാർഥി താരിഖ് അൻവർ മുന്നിലാണ്. അരാരിയയിൽ ബിജെപി സ്ഥാനാർഥി പ്രദീപ് കുമാർ സിങ്ങും മുന്നിലാണ്.

ബിഹാറിൽ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ഇത്രയും മണ്ഡലങ്ങളിലായി 497 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 56.19 ശതമാനമാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിങ് ശതമാനം.

ബിഹാർ എൻ.ഡി.എ സഖ്യത്തിലുള്ള ബിജെപി- ജെഡിയു കക്ഷികൾ തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങൾ. എൻഡിഎ സഖ്യം 32-33 സീറ്റുകളും ഇൻഡ്യ സഖ്യം 5-6 സീറ്റുകളും നേടുമെന്നായിരുന്നു പൊതുവായ എക്‌സിറ്റ് പോൾ ഫലങ്ങൾ.

എൻ.ഡി.എ 31-34 സീറ്റുകളും ഇൻഡ്യ സഖ്യം 6-8 സീറ്റുകളും നേടും എന്നുമായിരുന്നു ന്യൂസ്18 എക്‌സിറ്റ് പോൾ പ്രവചനം. എന്നാൽ എൻഡിഎയ്ക്ക് 29-33 സീറ്റുകളും ഇന്ത്യ ബ്ലോക്കിന് 7-10 സീറ്റുകളും ലഭിക്കുമെന്നായിരുന്നു ഇന്ത്യ ടുഡെ-മൈ ആക്‌സിസ് എക്‌സിറ്റ് പോൾ ഫലം.

എൻഡിഎയ്ക്ക് 32-37 സീറ്റുകളും ഇന്ത്യ ബ്ലോക്കിന് 2-7 സീറ്റുകളുമാണ് മാട്രിസ് പ്രവചിച്ചത്. അതേസമയം, എൻഡിഎ 32-37 സീറ്റുകളും ഇൻഡ്യ മുന്നണി 7-3 സീറ്റുകളും നേടുമെന്നായിരുന്നു ജാൻ കി ബാത്തിന്റെ എക്സിറ്റ് പോൾ പ്രവചനം.

എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളിയ ആർജെഡി ദേശീയവക്താവ് മനോജ് കുമാർ ഝാ, സംസ്ഥാനത്ത് ഇൻഡ്യ സഖ്യം 25 സീറ്റുകൾ സ്വന്തമാക്കുമെന്ന് അവകാശപ്പെട്ടിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ സൈക്കോളജിക്കൽ ട്രിക്ക് ആണെന്നും അദ്ദഹം ആരോപിച്ചിരുന്നു.

സംസ്ഥാനത്ത് 17 സീറ്റുകളിലാണ് ബിജെപി മത്സരിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു 16 സീറ്റുകളിലും ചിരാഗ് പാസ്വാൻ നയിക്കുന്ന എൽജെപി അഞ്ച് സീറ്റുകളിലുമാണ് ജനവിധി തേടിയത്. ഇൻഡ്യ സഖ്യത്തിൽ 26 സീറ്റുകളിൽ ആർജെഡിയും ഒമ്പത് സീറ്റുകളിൽ കോൺഗ്രസും അഞ്ചിടത്ത് ഇടതുപക്ഷ പാർട്ടികളുമാണ് മത്സരിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News