മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്, പ്രചാരണരംഗത്ത് സജീവമായി പാർട്ടികൾ
അതേസമയം ഇരു മുന്നണികളിലെയും വിമതഭീഷണി പരിഹരിക്കാനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്
മുംബൈ: സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിച്ചതോടെ മഹാരാഷ്ട്രയിൽ പ്രചാരണരംഗത്ത് സജീവമായി പാർട്ടികൾ. പൊതുയോഗങ്ങളും റാലികളുമാണ് ആദ്യഘട്ടത്തിൽ. അതേസമയം ഇരു മുന്നണികളിലെയും വിമതഭീഷണി പരിഹരിക്കാനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് ഇനി അവശേഷിക്കുന്നത് 21 ദിവസങ്ങൾ മാത്രമാണ്. നാമ നിർദേശ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രചാരണച്ചൂടും ശക്തമാവുകയാണ്. മുതിർന്ന നേതാക്കളുടെ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഇരുമുന്നണികളിലെയും സീറ്റ് വിഭജനം രമ്യമായി പരിഹരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിലെ 31 സീറ്റുകളിലെ വിജയം ഇന്ത്യ മുന്നണിക്ക് ആവേശം പകരുന്നുണ്ട്. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 103 സീറ്റിലും എൻസിപി ശരത് പവർ വിഭാഗം 86 സീറ്റിലും ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 96 സീറ്റുകളിലുമാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ബാക്കി സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയും പെസൻ്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിയുമാണ് മത്സരിക്കുന്നത്. അതേസമയം മഹായുതി സഖ്യത്തിൽ, ബിജെപി 148 സീറ്റുകളിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.
ശിവസേന ഷിൻഡെ പക്ഷം 80 സീറ്റുകളിൽ മത്സരിക്കും. എൻസിപി അജിത് പവാർ പക്ഷം 52 സീറ്റുകളിലും പത്രിക സമർപ്പിച്ചിട്ടുണ്ട്. നവംബർ നാലിനാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ നവംബർ 20നാണ് വോട്ടെടുപ്പ്. അതേസമയം സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്രിക സമർപ്പിച്ച നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.