നീറ്റ് പരീക്ഷാ ക്രമക്കേട്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
വിദ്യാർഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹരജികൾ നൽകിയത്
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. പരീക്ഷ റദ്ദാക്കി പുനപരീക്ഷ നടത്തണം എന്ന് ആവശ്യപ്പെട്ടുള്ള 38 ഹരജികളാണ് സുപ്രിംകോടതിയിൽ എത്തിയിരിക്കുന്നത്.
വീണ്ടും പരീക്ഷ നടത്തണോ വേണ്ടയോ എന്നതിൽ സുപ്രിംകോടതിയുടെ ഇന്നത്തെ വിധി നിർണായകമാണ്. വിദ്യാർഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹരജികൾ നൽകിയത്. മെയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മെയ് 17നാണ് ആദ്യ ഹരജി സുപ്രിംകോടതിയിലേക്ക് എത്തുന്നത്. തുടർന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വേനൽ അവധിക്ക് ശേഷം വാദം കേൾക്കാനായി ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് 37 ഹർജികൾ എത്തിയത്.
മെയ് അഞ്ചിന് നടന്ന പരീക്ഷയിൽ രാജ്യത്തെ 24 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. അതുകൊണ്ടുതന്നെ പുനപരീക്ഷ നടത്തരുത് എന്ന ആവശ്യവുമായി വിവിധ വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വലിയ പ്രതിരോധത്തിൽ ആയിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിക്കുന്നതിനായി മുൻ യു.പി.എസ്.സി ചെയർമാന്റെ അധ്യക്ഷതയിലുള്ള സമിതിയെ എൻ.ടി.എ നിയമിച്ചിരുന്നു. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും നീതിയുക്തമായ അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ അടക്കം വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.