നീറ്റ് പരീക്ഷാ ക്രമക്കേട്: അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ
മാറ്റിവെച്ച നീറ്റ് പിജി പരീക്ഷ തീയതി ചൊവ്വാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി.ബി.ഐ. ഇന്നലെ അറസ്റ്റ് ചെയ്ത നാല് പ്രതികളെ സിബിഐ കസ്റ്റഡിയിൽ വാങ്ങി. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ തീയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വലിയ ക്രമക്കേടുകൾ നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. പരീക്ഷാ കേന്ദ്രങ്ങളും കോച്ചിംഗ് സെന്ററുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയിൽ ഇന്നലെ ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്ത നാല് വിദ്യാർഥികളെ ചോദ്യംചെയ്യാനായി സിബിഐ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 26 ആയി.
ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ നീറ്റ് പരീക്ഷയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ ആരോപണം. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷാ തീയതി ചൊവ്വാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍.ടി.എയുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.