​പെപ്സികോയും നെസ്‍ലെയും യൂണിലിവറും ഇന്ത്യയിൽ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളെന്ന് റിപ്പോർട്ട്

സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് മുന്നറിയിപ്പ് നൽകുന്നു

Update: 2024-11-12 10:52 GMT
Advertising

ന്യൂഡൽഹി: ഇന്ത്യയെപ്പോലുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ അന്താരാഷ്ട കമ്പനികൾ വിൽക്കുന്നത് ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളെന്ന് റിപ്പോർട്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയുണ്ടാക്കുന്നതാണ് ഗുണനിലവാരമില്ലാത്ത ഇത്തരം ഭക്ഷണപദാർത്ഥങ്ങളെന്നും റിപ്പോർട്ടുകൾ പറയുന്നു. വികസിത രാജ്യങ്ങളോടും വികസ്വര രാജ്യങ്ങളോടുമുള്ള കമ്പനികളുടെ സമീപനം രണ്ടുതരത്തിലാണെന്ന് നേരത്തെതന്നെ വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ആക്‌സസ് ടു ന്യൂട്രീഷൻ ഇനിഷ്യേറ്റീവ് (എടിഎൻഐ) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളത്. ആഗോള സൂചിക പ്രകാരം, നെസ്‌ലെ, പെപ്‌സിക്കോ, യൂണിലിവർ എന്നിവ ആരോഗ്യ റേറ്റിംഗ് സിസ്റ്റത്തിൽ കുറഞ്ഞ സ്‌കോറുകളുള്ള ഉൽപ്പന്നങ്ങളാണ് താഴ്ന വരുമാനമുള്ള രാജ്യങ്ങളിൽ വിൽക്കുന്നത്.

റേറ്റിംഗ് സിസ്റ്റം അനുസരിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ശരാശരി സ്‌കോർ 5 ൽ 1.8 ആണെന്നും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 2.3 ആണെന്നും കണ്ടെത്തി. 3.5-ന് മുകളിലുള്ള ഉൽപ്പന്നങ്ങളാണ് മികച്ച ഗുണനിലവാരമുള്ളത്. ലോകത്തെ 30 ഓളം കമ്പനികൾ വിവിധ രാജ്യങ്ങളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

‘ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഈ കമ്പനികൾ സജീവമാണ്. എന്നാൽ അവർ ആരോഗ്യകരമായ ഉൽപ്പന്നങ്ങളല്ല ജനങ്ങൾക്ക് വിൽക്കുന്നതെന്നും എടിഎൻഐയുടെ റിസർച്ച് ഡയറക്ടർ മാർക്ക് വിജ്നെ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സർക്കാരുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു ബില്യണിലധികം ആളുകൾ അമിതവണ്ണത്തോടെയാണ് ജീവിക്കുന്നത്. ജനസംഖ്യയുടെ 70 ശതമാനവും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നുത്. ഉരുളക്കിഴങ്ങ് ചിപ്‌സ്, വിവിധ തരം കോള പാനീയങ്ങൾ തുടങ്ങിയ ഫാസ്റ്റ് ഫുഡുകളും പാക്കറ്റിൽ വിൽക്കുന്ന ലഘുഭക്ഷണങ്ങളും പൊണ്ണത്തടിയുണ്ടാക്കുന്നതിൽ പ്രധാനഘടകങ്ങളാണ്.

മൂന്നാം ലോകരാജ്യങ്ങളിൽ വിൽക്കുന്ന വിവിധ ഉത്പ്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് നേരത്തെ പഠനമുണ്ടായിരുന്നു. അമിതയളവിൽ പഞ്ചസാരയടങ്ങിയ പാൽ ഉത്പന്നങ്ങൾ നവജാതശിശുക്കൾക്ക് നൽകുന്നത് അനാരോഗ്യം വിളിച്ചുവരു​ത്തുമെന്ന് കണ്ടെത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയായ നെസ്‍ലെ ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന രണ്ട് ബേബി ഫുഡ് ബ്രാൻഡുകളിൽ ഉയർന്ന അളവിൽ പഞ്ചസാരയും തേനും ചേർക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, യുകെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിൽ വിൽക്കുന്ന ഇതേ ഉൽപ്പനങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും സ്വിസ് അന്വേഷണ സംഘടനയായ 'പബ്ലിക് ഐ'യുടെ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു.

നെസ്‍ലെയുടെ ധാന്യപ്പൊടിയിലും നവജാതശിശുക്കൾക്കുള്ള പാലിലും പഞ്ചസാരയും തേനും ചേർക്കുന്നത് അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങളും തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദേശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. എന്നാൽ ഏഷ്യന്‍, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് ലംഘനങ്ങൾ കണ്ടെത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിന്റെ ഓരോ സ്പൂണിലും മൂന്ന് ഗ്രാം പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. എത്യോപ്യയിലും തായ്ലാൻഡിലും വിൽക്കുന്ന സെറിലാക്കിൽ ഒരു സ്പൂണിൽ ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ഇതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും ഒട്ടും പഞ്ചസാര ചേർക്കാതെയാണ് വിൽക്കുന്നത്. സെറിലാക്കിന്റെ പാക്കറ്റിന് പുറത്ത് പഞ്ചസാര ചേർത്തതിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ സപ്ലിമെന്ററി ഷുഗർ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ഉയർന്ന അളവിലുള്ള പഞ്ചസാര കുഞ്ഞുങ്ങളെ ബാധിക്കുന്നതെങ്ങനെ?

കുഞ്ഞുങ്ങൾക്ക് കഴിക്കാൻ നൽകുന്ന ഉൽപന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നത് വളരെ അപകടമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ആ ഉൽപ്പന്നത്തോട് ആസതി വർധിപ്പിക്കാൻ കാരണമാകുമെന്ന് ബ്രസീലിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് പരൈബയിലെ എപ്പിഡെമിയോളജിസ്റ്റും ന്യൂട്രീഷൻ വിഭാഗത്തിലെ പ്രൊഫസറുമായ റോഡ്രിഗോ വിയന്ന പറയുന്നു. ചെറിയ കുട്ടികൾക്ക് നൽകുന്ന ഭക്ഷണങ്ങളിൽ ഒരിക്കലും പഞ്ചസാര ചേർക്കരുത്. ഇത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണ്. നവജാത ശിശുക്കള്‍ സ്ഥിരമായി മധുരമുള്ള രുചി ശീലിക്കുമ്പോൾ കൂടുതൽ മധുരമുള്ള ഭക്ഷണത്തോടുള്ള ആസക്തി വർധിക്കും.

മുതിരുമ്പോൾ നിരവധി രോഗങ്ങൾക്കും ഇത് ഇടയാക്കും. പൊണ്ണത്തടി, പ്രമേഹം,ഉയർന്ന രക്തസമ്മർദ്ദം പോലുള്ള മറ്റ് വിട്ടുമാറാത്ത രോഗങ്ങളിലേക്കും ഇത് നയിക്കും. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ബേബി ഫുഡിൽ നെസ്ലെ ഇന്ത്യ ചേർത്ത പഞ്ചസാര 30 ശതമാനം വരെ കുറച്ചിട്ടുണ്ടെന്നാണ് കമ്പനി വക്താവ് ലൈവ് മിന്റിനോട് പ്രതികരിച്ചിട്ടുള്ളത്. 2022ൽ ഇന്ത്യയിൽ നെസ്ലെ വിറ്റത് 20,000 കോടിയിലധികം മൂല്യമുള്ള സെറിലാക്ക് ഉൽപ്പന്നങ്ങളാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News