നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മൂന്നു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്

Update: 2022-10-09 05:32 GMT
Advertising

ഡൽഹിയിലെ രാജോക്രി ബസ് സ്റ്റാൻഡിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 8.12 ഓടുകൂടിയാണ് കുഞ്ഞിനെ കുറിച്ചുള്ള വിവരം വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ പൊലീസെത്തി കുഞ്ഞിനെ വസന്ത്കുഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മൂന്നു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബസ് സ്റ്റാൻഡിന് സമീപത്തു താമസിക്കുന്നയാളാണ് വിവരം പൊലീസിൽ അറിയിച്ചത്. തന്റെ വീടിന് സമീപമുള്ള മാലിന്യക്കൂമ്പാരത്തിൽ കുഞ്ഞിനെ കണ്ടതിനെ തുടർന്നാണ് പൊലീസിനെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മഴ പെയ്തിരുന്നതിനാൽ കുഞ്ഞിനെ അദ്ദേഹം വീട്ടിലേക്കു മാറ്റി. പൊലീസെത്തിയപ്പോള്‍ കുഞ്ഞിനെ കൈമാറി.

രണ്ട് കിലോ മാത്രമാണ് കുഞ്ഞിന്‍റെ ഭാരം. കുഞ്ഞ് മഴ നനഞ്ഞിരുന്നു. ദേഹം തണുത്ത് മരവിച്ച അവസ്ഥയിലായിരുന്നു. 33 ഡിഗ്രി സെൽഷ്യസ് മാത്രമായിരുന്നു ശരീരോഷ്മാവ്. കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോക്ടർ നാഗ്പാൽ പറഞ്ഞു. കുഞ്ഞ് ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.

യുനിസെഫിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 29.6 ദശലക്ഷം അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുണ്ട്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ 2020ലെ റിപ്പോർട്ട് പ്രകാരം 2015-2020 കാലയളവിൽ ഇന്ത്യയില്‍ ഏറ്റവുമധികം ശിശുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഡല്‍ഹിയിലാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ഭ്രൂണഹത്യകളും ശിശുഹത്യകളും ഉയർന്ന തോതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News