അറസ്റ്റ് ചെയ്യാൻ യു.പി-ചത്തിസ്ഗഢ് പൊലീസ് തമ്മിൽ തർക്കം; നാടകീയ നീക്കങ്ങൾക്കൊടുവിൽ സീ ന്യൂസ് അവതാരകൻ കസ്റ്റഡിയിൽ
കസ്റ്റഡിയിലെടുത്ത രോഹിതിനെ നോയിഡയിലേക്ക് കൊണ്ടു പോയി
ഡൽഹി: രാഹുൽ ഗാന്ധിയുടെ വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവത്തിൽ സീ ന്യൂസ് ചാനൽ അവതാരകൻ രോഹിത് രഞ്ജനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. രോഹിത് രഞ്ജനെ കസ്റ്റഡിയിലെടുക്കാൻ ഛത്തീസ്ഗഡ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. തുടർന്നാണ് യുപി പൊലീസിന്റെ നാടകീയ നീക്കം.
പുലർച്ചെ 5.30 ഓടെയാണ് ഛത്തീസ്ഗഢ് പൊലീസുകാർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. എന്നാൽ യുപി പൊലീസിനെ അറിയിച്ചില്ലെന്ന് പറഞ്ഞ് രോഹിത് പൊലീസുമായി കയർത്തു. തുടർന്ന് കോടതി ഉത്തരവുണ്ടെന്നും സഹകരിക്കണമെന്നും റായി പൂർ പൊലീസ് പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ സഹകരിക്കാതിരുന്ന രോഹിത് ട്വിറ്ററിലൂടെ പൊലീസിനെ ടാഗ് ചെയ്ത് ഇക്കാര്യങ്ങൾ അറിയിച്ചു. തുടർന്ന് രോഹിതിനെ കസ്റ്റഡിയിലെടുത്ത യുപി പൊലീസ് അദ്ദേഹവുമായി സംസാരിച്ച ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത രോഹിതിനെ നോയിഡയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
വീഡിയോ തെറ്റായി പ്രചരിപ്പിച്ച സംഭവത്തിൽ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപെടെ അഞ്ച് ബിജെപി നേതാക്കൾക്കെതിരെയും കോസെടുത്തിട്ടുണ്ട്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആർ. ഛത്തീസ്ഗഢിലെ ബിലാസ്പൂരിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഡൽഹി,മഹാരാഷ്ട്ര, മധ്യപ്രദേശ്,യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.
വയനാട്ടിലെ തൻറെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെ കുറിച്ച് 'കുട്ടികളാണ് ആക്രമിച്ചത്, ദേഷ്യമില്ല' എന്ന് രാഹുൽ പ്രതികരിച്ചിരുന്നു. ഈ പരാമർശം ഉദയ്പൂരിൽ തയ്യൽക്കാരൻറെ കൊലപാതകത്തെ കുറിച്ചുള്ളതാണെന്ന വീഡിയോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.