ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി
പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു
ഡൽഹി: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി ജയിലിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഏഴ് മാസത്തിന് ശേഷമാണ് ജയിൽ മോചിതനായത്.
പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. യു.എ.പി.എ കേസിൽ ഡൽഹി പൊലീസിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, അറസ്റ്റും റിമാൻഡും അസാധുവാക്കി. ഉത്തരവ് ഡൽഹി പൊലീസിനും കേന്ദ്ര സർക്കാരിനും വലിയ തിരിച്ചടിയാണ്.
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് കാണിച്ചാണ് ഇദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തിയത്. ന്യൂസ് ക്ലിക്കിലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും 50ഓളം ജേണലിസ്റ്റുകളുടെ ലാപ്‌ടോപ്പടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
2023 ഒക്ടോബർ മൂന്നിനാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിനു പിന്നാലെയായിരുന്നു ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.