ഡൽഹി പൊലീസ് നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രിംകോടതിയിലേക്ക്; കൂടുതൽ തെളിവ് ശേഖരിക്കാൻ പൊലീസ്
എഡിറ്ററുടെയും എച്ച്.ആർ മാനേജറുടെയും അറസ്റ്റ് ചട്ടങ്ങൾ പാലിക്കാതെയെന്ന് ന്യൂസ് ക്ലിക്ക്
ന്യൂഡൽഹി: ഡൽഹി പൊലീസ് നടപടിക്ക് എതിരെ ന്യൂസ്‌ക്ലിക്ക് സുപ്രിംകോടതിയിലേക്ക്. എഫ്.ഐ.ആറിന്റെ പകർപ്പ് പരിശോധിച്ച ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. ഡൽഹി പൊലീസിന്റെ എതിർപ്പ് മറികടന്നാണ് എഫ്.ഐ.ആറിന്റെ പകർപ്പ് ന്യൂസ് ക്ലിക്കിന് നൽകാൻ കോടതി ഉത്തരവിട്ടത്. ചട്ടങ്ങൾ പാലിക്കാതെയാണ് എഡിറ്ററുടെയു എച്ച് ആർ മാനേജരുടെയും അറസ്റ്റെന്ന് ന്യൂസ് ക്ലിക്ക് ആരോപിക്കുന്നു.
അതേസമയം, ന്യൂസ് ക്ലിക്കിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡൽഹി പൊലീസ്. എഡിറ്റർ പ്രബീർ പുരകായസ്തയെയും എച്ച്ആർ മാനേജറെയും പ്രത്യേക സെൽ ചോദ്യം ചെയ്തു വരികയാണ്. അഭിശാർ ശർമ, പരൻജോയ് ഗുഹ താക്കൂർത്ത എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത ലാപ്‌ടോപ്പുകളുടെയും മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ പരിശോധനയും പുരോഗമിക്കുകയാണ്.