കോവിഡ്: അടുത്ത 100-125 ദിവസം നിര്‍ണായകമെന്ന് നീതി ആയോഗ്

രണ്ട് ഡോസ് വാക്സിനും എടുത്ത പൊലീസുകാരില്‍ മരണ നിരക്ക് കുറഞ്ഞെന്ന് ഐസിഎംആര്‍ പഠനം

Update: 2021-07-17 03:52 GMT
Advertising

കോവിഡിനെതിരായ പോരാട്ടത്തിൽ അടുത്ത 100-125 ദിവസം നിർണായകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രണ്ടാം തരംഗം അതിരൂക്ഷമായ ശേഷം കോവിഡ് കേസുകള്‍ കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. ​​വി കെ പോൾ പറഞ്ഞു.

"കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പാണ്. അടുത്ത 100 മുതൽ 125 ദിവസം വരെ കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നിർണായകമാണ്"- ഡോ. പോള്‍ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തിന് ശേഷം നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. പക്ഷേ ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യത മുന്നിലുണ്ട്- "ജൂലൈ അവസാനിക്കും മുന്‍പ് 50 കോടി വാക്സിന്‍ ഡോസുകൾ നൽകുക എന്നതാണ് ലക്ഷ്യം. 66 കോടി ഡോസ് കോവിഷീൽഡും കോവാക്സിനും വാങ്ങാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 22 കോടി ഡോസ് സ്വകാര്യ മേഖലയിലും എത്തിക്കും"- ഡോ. പോള്‍ അറിയിച്ചു.

കോവിഡ് മൂന്നാം തരംഗത്തെ തടയാൻ സാധ്യമായതെല്ലാം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ടാസ്‌ക് ഫോഴ്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ.പോള്‍ പറഞ്ഞു. കോവിഡിനോട് പൊരുതാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നതാണ്. രണ്ട് ഡോസ് വാക്സിനും എടുത്ത പൊലീസുകാരില്‍ മരണ നിരക്ക് കുറഞ്ഞെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ പഠനം ഡോ.പോള്‍ ചൂണ്ടിക്കാട്ടി. കോവിഡ് മുന്നണിപ്പോരാളികളായ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പഠനം തമിഴ്‌നാട്ടിലാണ് നടത്തിയത്. കോവിഡ് രണ്ടാം തരംഗത്തിനിടെ പടര്‍ന്നുപിടിച്ച ഡെല്‍റ്റ വകഭേദം കാരണമുള്ള മരണം 95 ശതമാനം തടയാന്‍ വാക്സിനേഷനിലൂടെ സാധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News