കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ്
പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്
ഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിൽ എൻ.ഐ.എ പരിശോധന. ഗസ് വേ ഹിന്ദ് എന്ന സംഘടനയുമായി ബന്ധപ്പെട്ടാണ് നടപടി. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്ഡിൽ മൊബൈൽ ഫോണുകൾ, സിംകാർഡുകൾ, വിവിധ രേഖകൾ എന്നിവ പിടിച്ചെടുത്തതായി എൻ.ഐ.എ പത്രക്കുറിപ്പിൽ അറിയിച്ചു.
ഗസ് വേ ഹിന്ദ് പാക് ബന്ധമുള്ള സംഘടനയാണെന്നാണ് എൻ.ഐ.എയുടെ പത്രകുറിപ്പിൽ വ്യക്തമാക്കുന്നത്. കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ദേവാസ് ജില്ല, ഗുജറാത്തിലെ കിർസോമദാസ് ജില്ല, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ല എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഗസ് വേ ഹിന്ദ് വാട്‌സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിനായ സാഹിർ എന്ന മർഘു അഹമ്മദ് ദാനിഷിനെ ഇന്ത്യ വിരുദ്ധ ആശയം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചു കൊണ്ട് എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കഴിഞ്ഞ മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ രീതിയിൽ റെയ്ഡ് നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടന്നത്.