കെജ്‍രിവാളിനെതിരായ എൻഐഎ അന്വേഷണം; എന്താണ് ഖലിസ്ഥാൻ ഫണ്ടിങ് കേസ്? ഗവർണർ എൻഐഎ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിന്?

വേൾഡ് ഹിന്ദു ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി നൽകിയ പരാതിലാണ് ഗവർണറുടെ നടപടി

Update: 2024-05-06 16:30 GMT
Advertising

ഡല്‍ഹി: മദ്യനയ അഴിമതി കേസിനുപിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ പുതിയ പ്രശ്‌നത്തിൽ കുടുക്കിയിരിക്കുകയാണ് ബിജെപി. കെജ്‍രിവാളിന്റെ ആംആദ്മി പാർട്ടി നിരോധിത ഭീകര സംഘടനയിൽ നിന്നും ഫണ്ട് കൈപ്പറ്റിയെന്ന പരാതിക്കു പിന്നാലെ കെജ്‍രിവാളിനെതിരെ ദേശീയ അന്വേഷണ ഏജൻസിയെ ഇറക്കിയിരിക്കുകയാണ് ലഫ്റ്റന്റ് ഗവർണർ. എന്തുകൊണ്ടാണ് ഡൽഹി എൽജി എൻഐഎ അന്വേഷണം ആവശ്യപ്പെടുന്നത്? എന്താണ് കെജ്രിവാളിനെതിരെ ഉയർന്നു വരുന്ന ഖലിസ്ഥാനി ഫണ്ടിങ് കേസ്?

ഖലിസ്ഥാൻ അനുകൂല സംഘടനകളിൽ നിന്ന് ധനസഹായം സ്വീകരിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണത്തിന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് ശിപാർശ ചെയ്തത്. ഡൽഹി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിക്കും എതിരെയുള്ള ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഷൂ മോംഗിയ നൽകിയ പരാതി സക്സേന ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്.

'സിഖ് ഫോർ ജസ്റ്റിസ്' ഉൾപ്പെടെയുള്ള നിരോധിത തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് എഎപിക്ക് ഗണ്യമായ ധനസഹായം ലഭിച്ചെന്ന് ആരോപിച്ച് വേൾഡ് ഹിന്ദു ഫെഡറേഷൻ - ഇന്ത്യയുടെ ദേശീയ ജനറൽ സെക്രട്ടറി മോംഗിയ നൽകിയ പരാതിയാണ് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.

അരവിന്ദ് കെജ്രിവാളിനെതിരെയുള്ള 'ഖലിസ്ഥാന്‍ ഫണ്ടിംഗ്' കുറ്റം എന്താണ്?

2014 നും 2022 നും ഇടയിൽ ഖലിസ്ഥാനി ഗ്രൂപ്പുകളിൽ നിന്ന് ആം ആദ്മി പാർട്ടിക്ക് 16 മില്യൺ ഡോളർ ധനസഹായം നൽകിയതായി അവകാശപ്പെടുന്ന സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ വീഡിയോയെ അടിസ്ഥാനമാക്കിയാണ് മോംഗിയ പരാതി നൽകിയത്.

2014ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്മണ്ട് ഹിൽസിൽ ഖലിസ്ഥാൻ അനുകൂല സിഖുകാരുമായി നടത്തിയ രഹസ്യ യോഗത്തിൽ അരവിന്ദ് കെജ്‍രിവാള്‍ പങ്കെടുത്തതായി വീഡിയോയിൽ ആരോപിക്കുന്നു. ഈ കൂടിക്കാഴ്ചയിൽ ഖലിസ്ഥാനി വിഭാഗങ്ങളിൽ നിന്ന് ആം ആദ്മി പാർട്ടിക്കുള്ള സാമ്പത്തിക സഹായത്തിന് പകരമായി, ശിക്ഷിക്കപ്പെട്ട തീവ്രവാദി നേതാവ് ദേവേന്ദർ പാൽ ഭുള്ളറിനെ മോചിപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് കെജ്‍രിവാള്‍ വാഗ്ദാനം നൽകിയെന്നാണ് ആരോപണം.

അരവിന്ദ് കെജ്‍രിവാള്‍ ഇഖ്ബാൽ സിംഗിന് അയച്ച കത്തും പരാതിയോടെപ്പം സമർപ്പിച്ചിട്ടുണ്ട്. 'പ്രശ്‌നത്തോട് തന്റെ സർക്കാർ അനുഭാവം പുലർത്തുന്നുണ്ടെന്നും പൂർണ്ണ നീതി ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും' കത്തിലൂടെ കെജ്‍രിവാള്‍ വാഗ്ദാനം നൽകുന്നുണ്ട്.

പ്രൊഫസർ ഭുള്ളറിനെ മോചിപ്പിക്കാൻ ഡൽഹി സർക്കാർ ഇതിനകം രാഷ്ട്രപതിയോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും എസ്‌ഐടി രൂപീകരണം ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങളിൽ പ്രവർത്തിക്കുമെന്നും ഗവർണർ സക്സേന ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു. ഭുള്ളറിനെ മോചിപ്പിക്കുന്നതിന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഇഖ്ബാൽ സിംഗ് ജന്തർ മന്തറിൽ ഉപവാസ സമരം നടത്തിയിരുന്നു. കെജ്‍രിവാളിന്‍റെ കത്ത് ലഭിച്ചതിന് ശേഷമാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചതെന്ന് പഴയ വാർത്താ റിപ്പോർട്ടുകളെ ഉദ്ധരിച്ച് സക്സേന പറഞ്ഞു.

2014ൽ റിച്ച്മണ്ട് ഹിൽ ഗുരുദ്വാരയിൽ സിഖ് നേതാക്കൾക്കൊപ്പമുള്ള കെജ്‍രിവാളിന്‍റെ  കൂടികാഴ്ചയുടെ ചിത്രം പങ്കുവെച്ച മുൻ എഎപി പ്രവർത്തകൻ ഡോ.മുനീഷ് കുമാർ റൈസാദയുടെ പഴയ എക്‌സ് പോസ്റ്റും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. പൊതുയോഗങ്ങൾക്ക് പുറമെ കെജ്‍രിവാളിന്‍റെ രഹസ്യ കൂടികാഴ്ച്ചകളുടെ തെളിവാണ് ട്വീറ്റുകൾ എന്ന് റൈസാദയ അവകാശപ്പെടുന്നുണ്ട്. പരാതിക്കാരൻ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകൾക്ക് ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള അന്വേഷണം ആവശ്യമാണെന്ന് സക്സേന പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നത് സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് കെജ്‍രിവാള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

അതേസമയം, അരവിന്ദ് കെജ്‍രിവാളിനെതിരെ എൻഐഎ അന്വേഷണം ബിജെപിയുടെ നിർദേശപ്രകാരമുള്ള ഗൂഢാലോചനയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിലും തോൽക്കുമെന്ന പരാജയഭീതിയിൽ ബിജെപി വലയുകയണെന്നും എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഇതിനകം ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. മാർച്ച് 21നാണ്കെജ്‍രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News